
അര്‍ജന്റീനയോ, സൗദി അറേബ്യയോ, പോളണ്ടോ, ആരു ജയിക്കുന്നോ അവര്‍ക്ക് ഖത്തറില്‍ പ്രീക്വാര്‍ട്ടര്‍ കളിക്കാം. നേരിയ സാധ്യത ഇനിയുമവശേഷിക്കുന്ന മെക്സിക്കോക്കുവരെ പ്രതീക്ഷ നല്കുന്ന സി ഗ്രൂപ്പില്‍ നിന്ന് ആരൊക്കെ മുന്നേറുമെന്ന് ഇന്നറിയാം
ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍, തോല്‍വിയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. സമനില പോലും സാധ്യത ഇല്ലാതാക്കും. സൗദി അറേബ്യയ്ക്കെതിരായ തോല്‍വി ഈ നിലയിലാണ് ടൂര്‍ണമെന്റ് ഫേവിറിറ്റുകളായ അര്‍ജന്റീനയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ പോളണ്ടിനെ എതിരിടുമ്പോള്‍ കടമ്പകളെറെയുണ്ട് അര്‍ജന്റീനയ്ക്ക്. സൗദിക്കെതിരെ 10മിനിറ്റും, മെക്സിക്കോക്കെതിരെ അരമണിക്കൂറും മാത്രമാണ് അര്‍ജന്റീന നന്നായി കളിച്ചതെന്നാണ് മുന്‍ അര്‍ജന്റൈന്‍ താരം യുവാന്‍ വെറോണ്‍ വിലയിരുത്തിയത്. അതൊരുമുന്നറിയിപ്പായി കണ്ട് നിര്‍ണായക മല്‍സരത്തില്‍ ടീം മാറുമെന്നാണ് ആരാധക പ്രതീക്ഷ. പ്രീക്വാര്‍ട്ടറിലെത്താന്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു സമനില മതി പോളണ്ടിന്.
അതുകൊണ്ടുതന്നെ തോല്‍ക്കാതിരിക്കുക എന്നതാകും പോളീഷ് തന്ത്രം. മെക്സിക്കോയെ തോല്‍പ്പിച്ചാല്‍ സൗദിക്കുമെത്താം പ്രീക്വാര്‍ട്ടറില്‍. പോളണ്ട് അര്‍ജന്റീന മല്‍സരം സമനിലയിലാകുകയും, സൗദിയെ വന്മാര്ജിനില് തോല്‍പ്പിക്കുകയും ചെയ്താല്‍ മെക്സിക്കോക്കുമുണ്ട് നോക്കൗട്ട് സാധ്യത. അവസാന മല്സരത്തിനൊരുങ്ങുമ്പോള് ഇങ്ങനെ മാറിമറിഞ്ഞുനില്ക്കുന്നുണ്ട് സി ഗ്രൂപ്പിലെ സാധ്യതകള്‍. അതുകൊണ്ടുതന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും ഉന്നമിടുന്നില്ല ടീമുകളൊന്നും. ചുരുക്കത്തില്‍ സി ഗ്രൂപ്പിലെ അവസാന മല്‍സരം അര്‍ജന്റീനയ്ക്കും, പോളണ്ടിനും, സൗദിക്കും, മെക്സിക്കോക്കുവരെ അതിജീവനമാണ്.