
ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ദേശീയ ടീമുകളുടെ ആരാധകരെ പങ്കെടുപ്പിച്ചുള്ള പ്രഥമ ഫാന്‍സ് കപ്പിന് തുടക്കമായി. ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയായ അല്‍ബിദ പാര്‍ക്കിലാണ് മൽസരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് ഘട്ടം, നോക്ക്-ഔട്ട് റൗണ്ടുകള്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ ഫിഫ ലോകകപ്പ് മൽസരങ്ങളുടെ അതേ മാതൃകയിലാണ് ഫാന്‍സ് കപ്പും നടക്കുന്നത്. യഥാർഥ മൽസരത്തിലെ അട്ടിമറി ജയങ്ങൾക്ക് ആരാധകർ മറുപടി പറയുന്ന കാഴ്ചയാണ് ഫാൻസ് കപ്പിൽ കണ്ടത്.
സൌദിയോട് ഏറ്റകനത്ത പരാജയത്തിന് ഒന്നിനെതിരെ രണ്ടുഗോളുകൾ നേടിയാണ് അർജന്റീന ആരാധകർ പകരം വീട്ടിയത്.ഇക്വഡോറിനെതിരെ ആതിഥേയരാജ്യം തോറ്റതിന്റെ ക്ഷീണം എതിരാല്ലാത്ത ആറ് ഗോളിന് വിജയിച്ചാണ് ഖത്തർ ആരാധകർ തീർത്തത്. ഫ്രാൻസും ഇംഗ്ലണ്ടും നെതർലൻസും വിജയം നേടിയപ്പോൾ ഡെൻമാർക്കിനെതിരെ വിജയം ടുനീഷ്യക്കൊപ്പമായിരുന്നു. മെക്സികോയെ പോളണ്ട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി. യുഎസ് വെയ്ൽസ് മൽസരം ഗോൾരഹിതയിൽ സമനിലയിൽ കലാശിച്ചു. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് സംഘാടകർ. നാല് ദിവസം നീണ്ടുനിൽകുന്ന ടൂർണമെന്റിന്റെ ഫൈനൽ വെള്ളിയാഴ്ചയാണ്.