
ആദ്യരണ്ടു ഗ്രൂപ്പുകളില്‍ നിന്ന് ഖത്തറിനൊഴികെ ആര്‍ക്കുവേണമെങ്കിലും പ്രീക്വാര്‍ട്ടറിലെത്താം. ആദ്യ ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്സും രണ്ടാം ഗ്രൂപ്പില്‍ ഇംഗ്ലണ്ടുമാണ് നിലവില്‍ ഒന്നാം സ്ഥാനത്ത് ഗ്രൂപ്പിലെ നിര്‍ണായകമായ മൂന്നാം മല്സരത്തിനിറങ്ങുയാണ് ടീമുകള്‍. ഉച്ചയ്ക്ക് ശേഷം നാലുമല്സരങ്ങളെന്ന രീതി മാറി, ഇന്നുമുതല്‍ രാത്രി 8.30നും പുലര്‍ച്ചെ 12.30നുമാണ് മല്‍സരങ്ങള്‍. അതില്‍ തന്നെ ഒരു ഗ്രൂപ്പിലെ രണ്ട് മല്‍സരങ്ങള്‍ ഒരേ സമയത്താണ് നടക്കുന്നത്. അതിനാല്‍ തന്നെ ഗ്രൂപ്പ് ചാംപ്യന്മാരെയും രണ്ടാം സ്ഥാനക്കാരെയും ഒരേ സമയം തന്നെ അറിയാനാകും. ഒരു ജയവും തോല്‍വിയും അല്ലെങ്കില്‍ ഒരു ജയവും സമനിലയും ഇതൊക്കെയാണ് ഏതാണ്ട് എല്ലാ ഗ്രൂപ്പിലെയും അവസ്ഥ. അതിനാല്‍ തന്നെ ഈ അവസാന ഗ്രൂപ്പ് മല്‍സരം നിര്‍ണായകമാണ്.
ഇന്നത്തെ ആദ്യ മല്‍സരത്തില്‍ നെതര്‍ലന്‍ഡ്സ് ഖത്തറിനെയും ഇക്വഡോര്‍ സെനഗലിനെയും നേരിടു. ആ ഗ്രൂപ്പിലെ പോയിന്റിലേക്കൊന്ന് പോയാല്‍ 4 പോയിന്റുമായി നെതര്‍ലന്‍ഡ്സാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇക്വഡോറിനും സെനഗലിനും യഥാക്രമം നാലും മൂന്നും. ഇന്ന് ഖത്തറിനെ തോല്പിക്കാനായാല് നെതര്‍ലന്‍ഡ്സ് 6 പോയിന്റുമായി പ്രീക്വാര്‍ട്ടറിലെത്തും. തോറ്റാല്‍ ഇക്വഡോര്‍ സെനഗല്‍ മല്‍സരഫലത്തെ അനുസരിച്ചായിരിക്കും സാധ്യതകള്‍. ആദ്യ രണ്ട് മല്‍സരത്തിലും തോല്‍വി വഴങ്ങിയ ഖത്തര്‍ നേരത്തേ പുറത്തായിരുന്നു. ഇക്വഡോര്‍ സെനഗല്‍ മല്‍സരത്തില്‍ ആര് ജയിച്ചാലും അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പ്. സമനിലയാണെങ്കില്‍ ഇക്വഡോറും.
ഗ്രൂപ്പ് ബിയിലെ പോയിന്റ് നില നോക്കിയാല്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. അവസാന മല്‍സരത്തില്‍ വെയില്‍സിനെ നേരിടുന്ന ഇംഗ്ലണ്ട് ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പ്. എന്നാല്‍ വെയില്‍സ് ജയിച്ചാല്‍ കഥയാകെ മാറും. വെയില്‍സിന് നാല് പോയിന്റാകും. ഇംഗ്ലണ്ടിനും നാലുപോയിന്റ്... അവിടെ ആദ്യ മല്‍സരത്തില്‍ ആറുഗോള്‍ നേടിയത് ഇംഗ്ലണ്ടിന് നേട്ടമാകും. ഇംഗ്ലണ്ടിനെതിരെ സമനിലയാണെങ്കില്‍ ഗരെത് ബെയിലിനും കൂട്ടര്‍ക്കും റിട്ടേണ്‍ ടിക്കറ്റെടുക്കാം. അവസാന മല്‍സരത്തില്‍ അമേരിക്കയെ തോല്പിക്കാന് കഴിഞ്ഞാല്‍ ഇറാന് പ്രീക്വാര്‍ട്ടറിലെത്തും. സമനിലയാണെങ്കിലും ഇറാന് പ്രതീക്ഷയുണ്ട്. പക്ഷേ അമേരിക്കയ്ക്ക് സമനില പോര, ജയിച്ചേതീരൂ...അപ്പോള്‍ വെയില്‍സിനും അമേരിക്കയ്ക്കും ജീവന്മരണ പോരാട്ടമാണ് ഇന്ന്. ആദ്യ മല്‍സരത്തില്‍ ആറുഗോളിന് ഓസ്ട്രേലിയയെ തകര്‍ത്ത ഇംഗ്ലണ്ടിന് മികച്ച ഗോള്‍ ശരാശരിയും അനുകൂലഘടകമാണ്.