
ഗ്രൂപ്പ് ചാംപ്യന്മാരെ നിശ്ചയിക്കുന്ന അവസാന റൗണ്ട് മല്‍സരങ്ങള്‍ ഇന്നുതുടങ്ങും. ഗ്രൂപ്പിലെ രണ്ട് മല്‍സരങ്ങളും ഒരേ സമയത്താണ് ആരംഭിക്കുന്നത്. അതിന് പിന്നിലെ കഥയറിയാം. ജൂണ്‍ മാസം. വിശ്വമഹാമേളയിലേക്ക് ലോകം ഇന്നത്തെപ്പോലെ കണ്ണുനട്ടിരിക്കുന്ന കാലം. ലോകകപ്പിലെ ഗ്രൂപ്പ് രണ്ടില്‍ ഓസ്ട്രിയ, പശ്ചിമ ജർമ്മനി, ചിലെ, അൽജീരിയ എന്നീ ടീമുകള്‍. ഗ്രൂപ്പിലെ ശക്തരായ പശ്ചിമ ജര്‍മനിയും ഓസ്ട്രിയയും അടുത്തഘട്ടത്തിലേക്ക് അനായസേന ജയിച്ചു കയറുമെന്ന് ലോകം കരുതി. എന്നാൽ ആ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ഇതിഹാസ താരം റബാഹ് മദ്ജറിന്റെ നേതൃത്വത്തില്‍ യുറോപ്പിലെ വമ്പന്മാരായ പശ്ചിമ ജര്‍മ്മനിയെ 2–1 ന് അള്‍ജീരിയ പരാജയപ്പെടുത്തി.ലോകകപ്പില്‍ ഒരു യൂറോപ്യന്‍ രാഷ്ട്രത്തെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി അള്‍ജീരിയ ഓസ്ട്രിയ എതിരില്ലാത്ത ഒരു ഗോളിന് ചിലെയെയും പരാജയപ്പെടുത്തി. ഗ്രൂപ്പിലെ രണ്ടാം റൗണ്ടില്‍ കാള്‍ ഹെയിന്‍സ് റുമെനിഗയുടെ ഹാട്രിക് മികവില്‍ ചിലെയെ 4–1 ന് ജര്‍മനിയും, എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അള്‍ജീരിയയെ ഓസ്ട്രിയയും പരാജയപ്പെടുത്തി.
ഒരു വിജയത്തിന് അന്ന് രണ്ട് പോയിന്റാണ് മൂല്യം, ടീമുകള്‍ തമ്മില്‍ പോയിന്റ് നില തുല്യമായാല്‍ ഗോള്‍ വ്യത്യാസം നിര്‍ണായകമാകും. ചിലെയെ 3–2 ന് തകര്‍ത്ത് അള്‍ജീരിയ ഗ്രൂപ്പില്‍ രണ്ടാമതെത്തി. ഇതോടെ പശ്ചിമ ജര്‍മനിക്ക് ഓസ്ട്രിയക്കെതിരെയുള്ള അവസാന മല്‍സരം നിര്‍ണായകമായി. ഒന്നോ രണ്ടോ ഗോളുകള്‍ക്ക് ജര്‍മനി ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും അടുത്ത ഘട്ടത്തിലെത്താം ജൂണ്‍ 16. കളിതുടങ്ങി ആദ്യ പകുതിയില്‍ തന്നെ ജര്‍മനി ഓസ്ട്രിയയുടെ വലകുലുക്കി. തുടര്‍ന്ന് ലോകം കണ്ടത് മൈതാനത്ത് ജര്‍മനിയും ഓസ്ട്രിയയും ചേര്‍ന്ന് തിരക്കഥയെഴുതിയ നാടകമായിരുന്നു, ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയുടെ വഴിമുടക്കാന്‍. മൈതാനമധ്യത്ത് ചതിയുടെ വേരിറങ്ങി. പന്തിനായി ഓടാതെ ഇരു കൂട്ടരും വെറുതെ നിന്നു. ഗ്യാലറിയിലെ നാല്പതിനായിരത്തിലധികം കാണികള്‍ ഞെട്ടിത്തരിച്ചു. നിങ്ങളീ കളി കാണരുതെന്ന് കമന്റേറ്റര്‍മാര്‍ ആര്ത്തലച്ചുപറഞ്ഞു. അവസാന വിസില്‍ മുഴങ്ങി. ഓസ്ട്രിയയും പശ്ചിമ ജര്‍മനിയും അടുത്തഘട്ടത്തിലേക്ക്. ചതിയില്‍ കണ്ണീരണിഞ്ഞ് അള്‍ജിരിയ പുറത്തേക്ക്. വിജയിച്ചിട്ടും ജര്‍മ്മന്‍ ആരാധകര്‍ ടീമിനെ കൂകി വിളിച്ചു. കൈയിലെ പണം ഉയര്‍ത്തിക്കാട്ടി ഈ മല്‍സരം വില്‍ക്കപ്പെട്ടിരിക്കുന്നു എന്നവര്‍ ആക്രോശിച്ചു. മാന്യതകൈവിട്ട് ഇരുടീമുകളും ബോധപൂര്‍വം നടത്തിയ ചതി വലിയ കോളിളക്കമുണ്ടാക്കി. ഇരുടീമുകളേയുമൊന്നാകെ വിലക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. പക്ഷേ, ഫിഫയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന കാരണത്താല്‍, ആ ചതിക്ക് ശിക്ഷാവിധിയില്ലാതായി. ഇനിയും ആവര്‍ത്തിക്കപ്പെടരുതാത്ത ചതിയായി ആ മല്‍സരം ചരിത്രത്തിലിടം നേടി.
ഈ വലിയ കോളിളക്കത്തിന് ശേഷമാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരങ്ങള്‍ ഒരേ സമയത്ത് നടത്താന്‍ ഫിഫ തീരുമാനിച്ചത്.