
ഗ്രൂപ്പ് ബിയില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇറാന് യുഎസ്എയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മല്‍സരം. വെയില്‍സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഇറാന് ഗ്രൂപ്പിലെ അവസാന മല്‍സരത്തിനിറങ്ങുന്നത്. ഇന്‍ജുറി ടൈം വരെ ഒപ്പത്തിനൊപ്പം പേരാടിയ ഇറാന് പക്ഷേ അവസാനം കത്തിക്കയറി.
ഗോള്‍ വഴങ്ങാതെ നേടിയ ഈ ജയം അവസാന മല്‍സരത്തിനിറങ്ങുമ്പോള്‍ ഇറാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നുറപ്പ്. ഇംഗ്ലണ്ടിനെതിരെ ആദ്യ മല്‍സരത്തില്‍ ആറുഗോള്‍ വഴങ്ങിയപ്പോഴും രണ്ടെണ്ണം തിരിച്ചടിക്കാന്‍ ഇറാനായിരുന്നു. ഇന്ന് ജയിച്ചാല്‍ ഇറാന് ചരിത്രത്തിലാധ്യമായി ലോകകപ്പ് പ്രീ ക്വാര്ട്ടറിലേത്താം. സമനിലയാണെങ്കിലും ഇറാന് സാധ്യതയുണ്ട്. യുഎസ്എ ആകട്ടെ വെയില്സിനെതിരെയും ഇംഗ്ലണ്ടിനെതിരെയും സമനില കൊണ്ട് നേടിയ രണ്ട് പോയിന്റുമായാണ് മൂന്നാം മല്‍സരത്തിനെത്തുന്നത്. ഇംഗ്ലണ്ട് പ്രതിരോധത്തെ ഇടയ്ക്കിടെ വിറപ്പിച്ച യുഎസ്എ ഇന്ന് തിളങ്ങിയാല്‍ ഇറാന് കാര്യങ്ങള്‍ കടുപ്പമാകും. വിജയം നേടാനായില്ലെങ്കിലും തോല്‍വി വഴങ്ങാത്തതാണ് ടീമിന്റെ നേട്ടം. ലോകകപ്പിന് മുമ്പ് പത്തുമല്‍സരങ്ങളില്‍ തോല്‍വിയറിയാതെ എത്തിയ USA ഖത്തറിലും ആ പ്രകടനം തുടരുന്നതാണ് കണ്ടത്. ക്രിസ്റ്റിന് പുലിസിച്ചിന്റെ ബൂട്ടുകള്‍ ശബ്ദിച്ചാല്‍ യുഎസ്എയ്ക്ക് ജയത്തോടെ പ്രീ ക്വാര്‍ട്ടറിലെത്താം. സമനില കൊണ്ടുപോലും പ്രീ ക്വാര്‍ട്ടര്‍ സാധ്യതയുള്ള ഇറാന് പ്രതിരോധിക്കാനുറച്ചാല് യുഎസ്എയ്ക്ക് കളി കടുപ്പമാകും.