
ഗ്രൂപ്പ് ബിയില്‍ ചാംപ്യന്മാരാകാനൊരുങ്ങി ഇംഗ്ലണ്ട് ഇന്ന് വെയില്‍സിനെതിരെ. ആദ്യ മല്‍സരത്തില്‍ വമ്പന്‍ ജയം നേടിയ ഇംഗ്ലണ്ടിനെ രണ്ടാം മല്‍സരത്തില്‍ യുഎസ്എ സമനിലയില്‍ കുരുക്കി. വെയില്സാകട്ടെ ഇറാനോട് രണ്ട് ഗോളിന് തോറ്റ ശേഷമാണ് ഇന്നിറങ്ങുന്നത്.
ഒന്നാസ്വദിച്ച് വരുമ്പോഴേ തിരിച്ചടി. പറഞ്ഞുവരുന്നത് ഇംഗ്ലണ്ടിന്റെ പ്രകടനത്തെ പറ്റിയാണ്. ആദ്യ മല്‍സരത്തില്‍ ഇറാനെതിരെ ആറാടിയ ടീം രണ്ടാം മല്‍സരത്തില്‍ ഗോളടിക്കാന്‍ മറന്നു. സൂപ്പര്‍ താരങ്ങളെല്ലാം സൂപ്പറാകാതെ വന്നതോടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം അവസാന മല്‍സരത്തിലേക്ക് നീണ്ടു. ഇറാനെതിരെ ആറുഗോള്‍ നേടിയ ടീമിന് രണ്ടാം മല്‍സരത്തില്‍ ഗോള്‍വല ചലിപ്പിച്ചില്ല. 79 ശതമാനം പന്തുകൈവശം വച്ചാണ് ഇംഗ്ലണ്ട് ഇറാനെതിരെ ജയിച്ചതെങ്കില്‍ യുഎസ്എയ്ക്കെതിരെ പന്ത് കൈവശം വച്ചത് 56 ശതമാനം. അമേരിക്കയുടെ ഫിനിഷിങ് പിഴച്ചതോടെയാണ് ഇംഗ്ലണ്ട് തോല്‍ക്കാതെ രക്ഷപെട്ടത്. യു.എസ്.എ ആക്രമണത്തിന് മുന്നില്‍ ഇംഗ്ലീഷ് പ്രതിരോധം ആടിയുലയുന്നതും കണ്ടു. ഇന്ന് വെയില്സിനെതിരെയിറങ്ങുമ്പോള് ഇംഗ്ലീഷ് പ്രതിരോധവും, സൂപ്പര്‍ താരം ഗരത് ബെയിലുമായുള്ള മല്‍സരമായാണ് കാണികള്‍ കാണുന്നത്. ഇറാനെതിരെ വെയില്‍സ് ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ വഴങ്ങിയാണ് തോറ്റത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ ഈ പിഴവ് ആവര്‍ത്തിച്ചാല്‍ വെയില്‍സിന് പുറത്തേക്കുള്ള വഴിതെളിയും.