
ഇക്വഡോര്‍ സെനഗല്‍ മല്‍സരവും ഇന്ന് 8.30ന് നടക്കും. ലോകകപ്പിലെ ഇക്വഡോറിന്റെ എല്ലാ ഗോളുകളും നേടിയ ക്യാപ്റ്റന്‍ എന്നെര്‍ വലെന്‍സിയക്ക് കഴിഞ്ഞ മല്‍സരത്തില്‍ പരുക്കേറ്റിരുന്നെങ്കിലും ഇന്നും ടീമിലുണ്ടാകാനാണ് സാധ്യത.
നോക്കൗട്ടിലേക്ക് മുന്നേറാനുള്ള ഇക്വഡോറിന്റെ ശ്രമം മനോഹരമായിരുന്നു. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചു. തൊട്ടടുത്ത മല്‍സരത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനോട് സമനില. ഇന്ന് സെനഗലിനെതിരെ തോല്‍വി ഒഴിവാക്കിയാല്‍ പോലും ഇക്വഡോറിന് പ്രീ ക്വാര്‍ട്ടറിലെത്താം. ലോകകപ്പിലെ ടീമിന്റെ മൂന്നുഗോളുകളും നേടിയ ക്യാപ്റ്റന്‍ എന്നര് വലന്‍സിയയില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. നെതര്ലെന്ഡ്സിനെതിരെ നേരിയ പരുക്കേറ്റെങ്കിലും വലന്‍സിയ ഇന്നും കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006ലാണ് ഇക്വഡോര്‍ അവസാനമായി പ്രീ ക്വാര്‍ട്ടറിലെത്തിയത്. മറുവശത്ത് സെനഗലാകട്ടെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിങ്ങുമായാണ് ഖത്തറിലേക്കെത്തിയത്. പക്ഷേ ആദ്യ മല്‍സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റത് തിരിച്ചടിയായി.
ഖത്തറിനെ തോല്പിച്ച് അത്മവിശ്വാസം കണ്ടെത്തിയ ടീമിന് ഇക്വഡോറിനെ തോല്‍പിച്ചാലെ പ്രീ ക്വാര്‍ട്ടറിലെത്താനാകൂ. അതിനാല്‍ സമ്മര്‍ദം സെനഗലിനുണ്ടാകുമെന്നുറപ്പ്. സമ്മര്‍ദം രസമാണെന്ന പരിശീലകന് ഏലിയോ സിസെയുടെ വാക്കുകള്‍ ഇക്വഡോറിന് മുന്നറിയിപ്പാണ്. റാങ്കില്‍ പതിനെട്ടാമതുള്ള, ആഫ്രിക്കന്‍ കപ്പ് ജേതാക്കളായ സെനഗലിനെ കരുതിയിരിക്കണം എന്നര് വലന്‍സിയക്കും സംഘത്തിലനും.