
ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടിന്റെ വിജയാവര്ത്തനത്തിന് തടയിട്ട് യുഎസ്എ. ഗ്രൂപ്പ് ബിയിലെ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇറാനെതിരായ അടുത്ത മല്‍സരത്തില്‍ വിജയിച്ചാല്‍ യു.എസ്.എയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം.
ഇറാനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ഗര്‍വ്വുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ യു.എസ്.എ സമനിലയില്‍ കുരുക്കി. പരുക്കേറ്റ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മടങ്ങിവന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് നിര കളിക്കാനിറങ്ങിയത്.
ആദ്യപകുതിയില്‍ ബുക്കായോ സാക്ക,മേസണ്‍ മൗണ്ട്, ഹാരി കെയ്ന്‍, എന്നിവരുടെ മുന്നേറ്റം യു.എസ്.എ മതില്‍ക്കെട്ടി പ്രതിരോധിച്ചു. 32–ാം മിനിറ്റില്‍ ക്രിസ്റ്റിന് പുലിസിച്ചിന്റെ ഗോള്‍ എന്നുറപ്പിച്ച ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു. ആദ്യ പകുതിയുടെ അവസാനം ലൂക്ക് ഷോയുടെ കട്ട് ബാക്ക് പോസ്റ്റിനുമുന്നില്‍ സാക്ക നഷ്ടപ്പെടുത്തിയതോടെ കളി രണ്ടാം പകുതിയിലേക്ക്. പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി യു.എസ്.എ ആക്രമണം കടുപ്പിച്ചതോടെ ഇംഗ്ലീഷ് പ്രതിരോധം നന്നായി വിയര്‍ത്തു. മാര്‍ക്കസ് റാഷ്ഫോര്‍ഡ്,ജോര്‍ദാന്‍ ഹെന്‍ഡേര്‍സണ്‍, ജാക്ക് ഗ്രീലിഷ് തുടങ്ങിയ വേഗതാരങ്ങള്‍ ഒടുക്കം കളത്തിലിറങ്ങിയിട്ടും ഫലം സമനിലതന്നെ.
World cup football; Goalless draw in England-USA match