
റഷ്യന്‍ ലോകകപ്പിലെ തോല്‍വിക്ക് യുറഗ്വായോട് ഖത്തറില്‍ പകരം വീട്ടി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോള്‍ മികവിലായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. പന്ത് കൈവശം വച്ച് മികച്ച നീക്കങ്ങള്‍ നടത്തിയിട്ടും ഫിനിഷിങ്ങിലെ പിഴവ് പോര്‍ച്ചുഗലിന് തിരിച്ചടിയായപ്പോള്‍ 32–ാം മിനിട്ടില്‍ ലഭിച്ച സുവര്‍ണാവസരം യുറഗ്വായ്ക്കും മുതലാക്കാന്‍ സാധിച്ചില്ല, ആദ്യപകുതി ഗോള്‍ രഹിതം. പോര്‍ച്ചുഗല്‍ കാത്തിരുന്നത് ഗോള്‍ എത്തിയത് 54–ാം മിനിട്ടില്‍. ഇടതുവിങ്ങില്‍ നിന്ന് ക്രിസ്റ്റ്യാനോയെ ലക്ഷ്യമാക്കി ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസ്. ഉയര്‍ന്നുചാടിയ റൊണാള്‍ഡോയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പന്ത് വലയില്‍.
ആദ്യം റൊണാള്‍ഡോയുടെ പേരില്‍ ഗോള്‍ അനുവദിച്ചെങ്കിലും താരത്തിന്റെ തലയില്‍ പന്ത് തൊട്ടില്ലെന്ന് വ്യക്തമായതോടെ ഗോള്‍ ബ്രൂണോയുടെ പേരില്‍. ഗോള്‍ മടക്കാന്‍ യുറുഗ്വായ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോളി ഡീഗോ കോസ്റ്റയും ഗോള്‍പോസ്റ്റും വിലങ്ങുതടിയായി. ഇഞ്ചുറി ടൈമില്‍ യുറഗ്വായുടെ പെട്ടിയില്‍ അവസാന ആണിയും അടിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ്. ബ്രൂണോയുടെ മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലത്തുവീണ ഹോസെ ജിമെനെസിന്റെ കയ്യില്‍ പന്തു തട്ടിയതിന് വാറിന്റെ സഹായത്തോടെ പെനല്‍റ്റി അനുവദിച്ച് റഫറി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ യുറഗ്വായ്ക്ക് പ്രീക്വാര്‍ട്ടറിലെത്താന്‍ അവസാന മല്‍സരം വരെ കാത്തിരിക്കണം
FIFA world cup Portugal beats Uruguay