ലോകകപ്പ് അരങ്ങേറ്റത്തിൽ ഇരട്ടഗോൾ; മാന്ത്രികനിമിഷമെന്ന് റിച്ചാലിസൺ

richarlison
SHARE

ബ്രസീല്‍ താരം റിച്ചാലിസണിന്റെ കാലുകളാണ് ഫുട്ബോള്‍ ലോകം ഇപ്പോള്‍ വാഴ്ത്തിപ്പാടുന്നത്. അക്രോബാറ്റിക്സ് ഷോട്ടിലൂടെ റിച്ചാലിസണ്‍ നേടിയ ഗോള്‍ ലോകകപ്പിന്റെ തന്നെ മികച്ച ഗോളുകളില്‍ ഒന്നായി.

ഗബ്രിയേല്‍ ജിസൂസിന് പകരം റിച്ചാലിസണിനെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറക്കിയ ടിറ്റെയുടെ തീരുമാനത്തെ ഇരട്ട ഗോളിലൂടെ താരം ആഘോഷമാക്കി. 25കാരന്റെ രണ്ടാം ഗോളാണ് ഫുട്ബോള്‍ ലോകത്തെ ഇപ്പോഴത്തെ സംസാരം. ഇടതുവശത്ത് നിന്ന് വിനിസിയൂസ് ജൂനിയര്‍ നല്‍കിയ ക്രോസ് ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്ന റിച്ചാലിസണ്‍ ഇടതുകാലില്‍കൊരുത്ത് വായുവിലേക്കുയര്‍ത്തി., പിന്നീടാണ് ഫുട്ബോള്‍ ലോകം ആ മാന്ത്രികക്കാഴ്ച കണ്ടത്. റിച്ചാലിസണ്‍ വായുവിയില്‍ ഉയര്‍ന്ന് ഒരു കായിക അഭ്യാസിയെപ്പോലെ വശത്തേക്ക് മറിഞ്ഞ് വലംകാലുകൊണ്ട് ഒരടി, അത് സെര്‍ബിയുടെ വലയില്‍ വിലയം പ്രാപിച്ചു. സെര്‍ബിയന്‍ പ്രതിരോധനിരയും ഗോളിയും വിശ്വസിക്കാനാകാതെ ഒരു നിമിഷം സ്തംബ്ധരായി. അക്രോബാറ്റിക്സ് ഷോട്ടുതര്‍ക്കാന്‍ റിച്ചാലിസണ്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് ഫുട്ബോള്‍ പ്രേമികളുടെ സംസാരം. ലോകകപ്പിലെ അരങ്ങേറ്റത്തില്‍ ബ്രസീലിനായി ഇരട്ടഗോള്‍ നേടുന്ന രണ്ടാമത്തെ താരമാണ് റിച്ചാലിസണ്‍.   2014ല്‍ ഈ നേട്ടം ആദ്യം കൈവരിച്ച നെയ്മാറിനെ സാക്ഷിനിര്‍ത്തിയായിരുന്നു റിച്ചാലിസണിന്റെ ഗോള്‍. മാന്ത്രിക നിമിഷമെന്നാണ് റിച്ചാലിസണ്‍ തന്റെ രണ്ടാം ഗോളിനെ വിശേഷിപ്പിച്ചത്. 

MORE IN SPORTS
SHOW MORE