
ലോകകപ്പിൽ ശക്തരായ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കോ. ഖത്തർ ലോകകപ്പിൽ മൂന്നാമത്തെ ഗോൾരഹിത സമനിലയാണിത്. ഇതോടെ ഗ്രൂപ്പ് എഫിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് പുറത്തെടുത്തത്. പന്തടക്കത്തിലും ആക്രമണത്തിലും നേരിയ മുൻതൂക്കമുണ്ടായിരുന്ന ക്രൊയേഷ്യയ്ക്ക്, ലക്ഷ്യം കാണാനുമായില്ല. മത്സരത്തിലെ മികച്ച ഗോളവസരങ്ങൾ പിറന്നത് ആദ്യ പകുതിയിലായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് നിക്കോള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ ഗോളിന് അടുത്തെത്തിയെങ്കിലും, ഗോൾകീപ്പർ യാസിൻ ബോനുവിന്റെ തകർപ്പൻ സേവ് മൊറോക്കോയെ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബോക്സിനു പുറത്തുനിന്ന് ലൂക്കാ മോഡ്രിച്ച് തൊടുത്ത ലോങ് റേഞ്ചറും നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 17–ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് തൊടുത്ത ലോങ്റേഞ്ചറും നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്.
ആദ്യ പകുതിയുടെ 18–ാം മിനിറ്റിൽ മൊറോക്കോയ്ക്കും ഒരു സുവർണാവസരം ലഭിച്ചിരുന്നു. ക്രൊയേഷ്യൻ ബോക്സ് ലക്ഷ്യമിട്ട് മൊറോക്കോ നടത്തിയ നീക്കത്തിനൊടുവിൽ ഹാകിം സിയെച്ചിന്റെ തകർപ്പൻ ക്രോസിന് യൂസഫ് എൻ നെസിറിക്ക് തലവയ്ക്കാനാകാതെ പോയത് നിർഭാഗ്യമായി. രണ്ടാം പകുതിയിൽ രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചത് മൊറോക്കോയ്ക്കാണ്. 51–ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിനു സമീപം ഓടിയെത്തി നാസിർ മസ്റോയി തൊടുത്ത ഹെഡർ ഗോൾകീപ്പർ ലിവകോവിച്ച് തടുത്തിട്ടു. പിന്നീട് അഷ്റഫ് ഹാകിമിയുടെ തകർപ്പൻ ലോങ് റേഞ്ചറും ലിവകോവിച്ച് പുറത്തേക്ക് തട്ടിവിട്ടു.
fifa world cup 2022 Croatia vs. Morocco ends in scoreless draw