സെനഗലിനെ വീഴ്ത്തി ഡച്ച് പട; ജയം എതിരില്ലാത്ത രണ്ട് ഗോളിന്

netherland-3
SHARE

ഖത്തർ ലോകകപ്പിലെ ആദ്യ സമനില പ്രതീക്ഷിച്ചിരുന്ന ആരാധകർക്കു മുന്നിൽ, അവസാന നിമിഷങ്ങളിൽ നേടിയ ഇരട്ടഗോളിൽ വിജയം പിടിച്ച് വാങ്ങി ഡച്ച് പട. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്സിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സൻ (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോൾ നേടിയത്. ഇതോടെ, ഗ്രൂപ്പ് എയിൽ ഇക്വഡോറിനൊപ്പം നെതർലൻഡ്സിനും മൂന്നു പോയിന്റായി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ, പോസ്റ്റിനു മുന്നിൽ പാഴാക്കിയ സുവർണാവസരങ്ങൾ നെതർലൻഡ്സിനെ തിരിച്ചടിക്കുമെന്നായിരുന്നു വിലയിരുത്തൽ. സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗൽ നെതർലൻഡ്സിനെ ഒപ്പത്തിനൊപ്പം പിടിച്ചതുമാണ്. എന്നാൽ, മത്സരം 80–ാം മിനിറ്റിനോട് അടുക്കുമ്പോൾ ഡച്ച് പരിശീലകൻ ലൂയി വാൻഗാൾ ടീമിൽ വരുത്തിയ മാറ്റങ്ങളാണ് നിർണായകമായത്.

മത്സരം അവസാനിക്കാൻ ആറു മിനിറ്റു മാത്രം ശേഷിക്കെ ഫ്രാങ്ക് ഡി യോങ് – കോഡി ഗാക്പോ സഖ്യമാണ് ഡച്ച് പടയുടെ രക്ഷകരായത്. ബോക്സിനു പുറത്തുനിന്ന് ഡി യോങ് തളികയിലെന്നവണ്ണം ഉയർത്തി നൽകിയ പന്തിലേക്ക് അപകടം മണത്ത സെനഗൽ ഗോൾകീപ്പർ എഡ്വാർഡോ മെൻഡി ഓടിയെത്തിയതാണ്. എന്നാൽ, മെൻഡിക്കു പന്തിൽ തൊടാനാകും മുൻപ് ഉയർന്നു ചാടിയ ഗാക്പോ പന്ത് തലകൊണ്ടു ചെത്തി വലയിലാക്കി. ഗോൾ.... സ്കോർ 1–0. ഏകപക്ഷീയമായ ഒരു ഗോളിന് നെതർലൻഡ്സ് ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കെ, ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ അവർ വീണ്ടും ഞെട്ടിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് പകരക്കാരൻ താരം ഡേവി ക്ലാസ്സൻ. പന്തുമായി ബോക്സിലേക്ക് ഓടിക്കയറി മെംഫിസ് ഡിപായ് തൊടുത്ത ഷോട്ട് സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി വീണുകിടന്ന് തട്ടിയകറ്റി. റീബൗണ്ട് പിടിച്ചെടുത്ത ഡേവി ക്ലാസ്സന്റെ ഷോട്ട് ആളൊഴിഞ്ഞ വലയിലേക്ക്. സ്കോർ 2–0.

Qatar world cup 2022 netherlands beats senegal

MORE IN FIFA WORLD CUP QATAR 2022
SHOW MORE