
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിലനില്‍പ്പിന്റെ ഭീഷണി നേരിടുന്ന നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടികയറുന്നത്. ഭരണം കേരളത്തില്‍ മാത്രം. ദേശീയ പാര്‍ട്ടി പദവിക്കുമേല്‍ വെല്ലുവിളി ഉയരുന്നു. ശക്തമായ ജനകീയസമരങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കുമ്പോഴും അതൊന്നും വോട്ടിന്റെ കണക്കില്‍ പ്രതിഫലിക്കുന്നില്ല. ബിജെപിയുടെ അധികാരസൂര്യന് ഉച്ചസ്ഥായിയില്‍ നില്ക്കുന്ന മോദിയുടെ ഇന്ത്യയില്‍ തിരിച്ചുവരവിന് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യഅജന്‍ഡ.
2012ല്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട് നടക്കുമ്പോള്‍ സിപിഎം വലിയൊരു തിരിച്ചടിയുടെ ആഘാതത്തിലായിരുന്നു. 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിന് 2011ല്‍ അടിതെറ്റി. ഒരു പതിറ്റാണ്ടിനിപ്പുറം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വീണ്ടും വേദിയാകുമ്പോള്‍ പ്രതിസന്ധിയുടെ ആഴം വര്‍ധിച്ചു. 2018ല്‍ ത്രിപുരയിലും അധികാരം നഷ്ടമായി. പാര്‍ലമെന്റിലെ അംഗബലവും ശോഷിച്ചു. അതിജീവനത്തിന്റെ ഒറ്റമൂലി തേടിയാണ് കണ്ണൂരില്‍ ചര്‍ച്ചകള്‍ നടക്കുക.
ബംഗാളില്‍ ഇന്ന് കനലൊരുതരിപോലും ഇല്ല. 1957 മുതലുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഇടതുപക്ഷം സംപൂജ്യരാകുന്നത്. മല്‍സരിച്ച 139ല്‍ 120 സീറ്റുകളില്‍ കെട്ടിവെച്ചകാശുപോയി. കേന്ദ്ര നിലപാടിന് വിരുദ്ധമായാണ് ബംഗാളില്‍ 2016ല്‍ കോണ്‍ഗ്രസുമായി സഹകരിച്ചത്. ഈ വിഷയത്തില്‍ ബംഗാള്‍ ഘടകവും കേന്ദ്രനേതൃത്വവും തമ്മിെല തര്‍ക്കം പിന്നീട് രൂക്ഷമായി. ഒടുവില്‍, നിലനില്‍പിനെന്നോണം കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതര പാര്‍ട്ടികളുമായി ധാരണയാകാമെന്ന് 2018ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചു. കോണ്‍ഗ്രസിന് കൈകൊടുക്കണോയെന്ന ആശയക്കുഴപ്പം ഇപ്പോഴും തടരുന്നു. ദേശീയതലത്തില്‍ സഖ്യം വേണ്ട; സംസ്ഥാനങ്ങളില്‍ നീക്കുപോക്ക് ആകാം എന്ന നയവുമായാണ് നേതൃത്വം കണ്ണൂരിലെത്തുന്നത്.