മഴയത്തും ചെങ്ങന്നൂരില്‍ വോട്ടൊഴുക്ക്; പോളിങ് പ്രതീക്ഷിച്ചതിലും ഉയർന്നേക്കും

chengannur-bypoll-4
SHARE

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉച്ച പിന്നിടുമ്പോഴും മികച്ച പോളിങ്. മൂന്നുമണി പിന്നിടുമ്പോള്‍ 57 ശതമാനം പേര്‍ വോട്ടുചെയ്തു. കനത്തമഴയെ അവഗണിച്ചും വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലെത്തുന്നുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയതൊഴിച്ചാല്‍ പൊതുവെ സമാധാനപരമാണ് വോട്ടെടുപ്പ്. രാത്രി മുഴുവന്‍ പെയ്ത മഴ മാറി നിന്ന പുലരിയിലാണ് ചെങ്ങന്നൂരുകാര്‍ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങിയത്. 

പക്ഷേ പോളിങ് തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മഴയെത്തി. തിമിര്‍ത്തു പെയ്ത മഴയ്ക്കിടയിലും ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര നിലനിന്നു. മഴയ്ക്കൊപ്പം വോട്ടിങ് യന്ത്രങ്ങളുടെ തകരാറും ഒരു ഡസനിലേറെ ബൂത്തുകളില്‍ വോട്ടര്‍മാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വലച്ചു.

കൊഴുവല്ലൂരില്‍ കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടു ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്‍റെ പേരില്‍ തൃപ്പെരുന്തുറയിലെ നൂറ്റി മുപ്പതാം നമ്പര്‍ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തു. 

ഇതേ ബൂത്തില്‍ വോട്ടു ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണ വോട്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മാസത്തിലേറെ നീണ്ട പ്രചാരണം വോട്ടര്‍മാരെ കാര്യമായി സ്വാധീനിച്ചു എന്നു തന്നെയാണ് പെരുമഴയിലും തുടരുന്ന മികച്ച പോളിങ് നല്‍കുന്ന സൂചന. വോട്ടിങ് അവസാനിക്കും വരെ ഈ സ്ഥിതി തുടര്‍ന്നാല്‍ മുന്നണികള്‍ പ്രതീക്ഷിച്ചതു പോലെ പോളിങ് ശതമാനം ഉയരാന്‍ തന്നെയാണ് സാധ്യത.

MORE IN Chengannur by election 2018
SHOW MORE