ചെങ്ങന്നൂരില്‍ ഇടതിന് ചരിത്രജയം; യുഡിഎഫ് രണ്ടാമത്; വോട്ടിടിഞ്ഞ് ബിജെപി

saji-cheriyan-won
SHARE

ചെങ്ങന്നൂര്‍ ചുവന്നുതുടുത്തു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍ ഉപതിരഞ്ഞെടുപ്പ് വിജയിച്ചു. ഇരുപതിനായിരത്തി തൊള്ളായിരത്തി അന്‍പത്താറ് വോട്ടിന് യുഡിഎഫിലെ ഡി.വിജയകുമാറിനെ തറപറ്റിച്ച സജി ചെറിയാന്‍ മണ്ഡലത്തിലെ പത്തുപഞ്ചായത്തിലും നഗരസഭയിലും എല്‍ഡിഎഫിനെ മുന്നിലെത്തിച്ചു. മൂന്നാംസ്ഥാനത്തായ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ ഏഴായിരത്തി നാന്നൂറില്‍പ്പരം വോട്ട് നഷ്ടമായി.

സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫിന് ഉജ്വലജയം. 20,956 വോട്ടുകളുടെ ഭൂരിപക്ഷം. നഗരസഭയിലും 11 പഞ്ചായത്തുകളിലും ലീഡ് നേടിയാണ് സിപിഎമ്മിലെ സജി ചെറിയാന്‍റെ ചരിത്ര ജയം. 1987ല്‍ മാമ്മന്‍ ഐപ്പ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നുള്ള വിജയം യുഡിഎഫിനും ബിജെപിക്കും ഷോക്കായി. സിപിഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 8700ല്‍ ഏറെ വോട്ട് കൂടി. യുഡിഎഫ് രണ്ടാമതെത്തി സ്വന്തം വോട്ടുകള്‍ കാത്ത് രണ്ടായിരത്തിലേറെ വോട്ടുയര്‍ത്തി. ബിജെപിക്ക് ഏഴായിരത്തിലേറെ  വോട്ടുകള്‍ കുറഞ്ഞു. 

ചെന്നിത്തലയുടെയും വിജയകുമാറിന്റെയും പഞ്ചായത്തുകളിലും യുഡിഎഫ് പിന്നിലായി. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരും എല്‍ഡിഎഫിന് തന്നെ. വിജയഹര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ സജി ചെറിയാനെ തോളിലേറ്റി ആഹ്ലാദ പ്രകടനങ്ങള്‍ മണിക്കൂറുകള്‍ നീണ്ടു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ വന്‍ജനസഞ്ചയമാണ് അദ്ദേഹത്തെ വരവേറ്റത്. കോണ്‍ഗ്രസ് വിട്ട ശോഭന ജോര്‍ജും വിജയാഹ്ലാദത്തില്‍ പങ്കുചേര്‍ന്നു. കെ.എം.മാണിയുടെ മനസ് തനിക്കൊപ്പമെന്ന് സജി ചെറിയാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എല്ലാ ജാതി മത സാമുദായങ്ങളും എന്നെ മകനായി കണ്ടു. ഞാന്‍ എല്ലാവരുടെയും ഒപ്പം നില്‍ക്കും.  

നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരിച്ചടി പരിശോധിക്കുമെന്ന് ചെന്നിത്തലയും ഒപ്പം  ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. രാഷ്ട്രീയേതരമായ ഘടകങ്ങളാണ് പ്രതിഫലിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.  

ഈ വിജയം കണക്കുകൂട്ടലിനപ്പുറമാണെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. ലഭിക്കുന്ന ഭൂരിപക്ഷം പ്രതീക്ഷയ്ക്കപ്പുറമാണ്. കോണ്‍ഗ്രസ്,ബിജെപി അനുഭാവികളും തനിക്ക് വോട്ടുചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തണമെന്നും പരിധിവിടരുതെന്നും അദ്ദേഹം പറഞ്ഞു. 

‌തോല്‍വിയില്‍ ആക്ഷേപവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തി.  വോട്ടുകച്ചവടം ആരോപിച്ച് ഡി.വിജയകുമാറും ശ്രീധരന്‍പിള്ളയും പുതിയ പോര്‍മുഖം തുറന്നു. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ എഡിഎഫ്–ബിജെപി ധാരണയുണ്ടെന്നാണ് വിജയകുമാറിന്‍റെ കണ്ടെത്തല്‍. 

തനിക്ക് നേരത്തേതന്നെ ചില തോന്നലുകള്‍ ഉണ്ടായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന് യുഡിഎഫ് വോട്ട് മറിച്ചെന്ന് ശ്രീധരന്‍പിള്ളയും ആരോപിച്ചു. 

MORE IN CHENGANNUR BY ELECTION 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.