
മഹാസഖ്യത്തിന്റെ ആദ്യ മുന്നേറ്റം തകര്‍ത്ത് എന്‍ഡിഎ കേവലഭൂരിപക്ഷത്തിലേക്ക്. 243 സീറ്റുകളിലെയും ലീഡ് നില വന്നപ്പോള്‍ എന്‍ഡിഎയ്ക്ക് നേട്ടം. ബിജെപി 2015ലേക്കാള്‍ മികച്ച നിലയില്‍ എന്നത് വ്യക്തം. ഭരണവിരുദ്ധ വികാരം ബാധിച്ച് ജെഡിയു പതറി. സീറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. മഹാസഖ്യത്തിന്റെ ലീഡ് കുറയുകയാണ്. ആര്‍ജെഡിക്കു തിരിച്ചടി. കോണ്‍ഗ്രസിനും നേട്ടമില്ലെന്ന് വ്യക്തം. ഇടതുപാര്‍ട്ടികള്‍ നേട്ടം കുറിച്ചു. സിപിഐ (എംഎല്) 8, CPM -2, CPI 2.
ഒപ്പം ബിഹാറിൽ നേട്ടമുണ്ടാക്കി എൽജെപിയും. ചിരാഗും ബിജെപിയും രഹസ്യധാരണയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിതീഷിന് തിരിച്ചടി കൂടിയാകുമ്പോള്‍ അത് രാഷ്ട്രീയനിലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം. തിരഞ്ഞെടുപ്പിന് മുമ്പ് ചിരാഗ് കറുത്ത കുതിരയാകുമെന്ന് പ്രവചിച്ചിരുന്നു. പിതാവ് റാം വിലാസ് പാസ്വാന്റെ മരണത്തോടെ സഹതാപ വോട്ടുകളും ചിരാഗ് പെട്ടിയിലാക്കുമെന്ന് കരുതിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ്പോളുകളിൽ ചിരാഗിന് തിരച്ചടിയായിരുന്നു പ്രവചിച്ചിരുന്നത്. അതേസമയം, ആദ്യഘട്ടത്തിലെ മഹാസഖ്യത്തിന്റെ മേല്‍ക്കൈ കടന്ന് ബിഹാറില്‍ പോരാട്ടം കടുക്കുന്നു. എൻഡിഎ കേവലഭൂരിപക്ഷത്തിനരികെ. പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സൂചനയാണ് നൽകുന്നത്. മഹാസഖ്യത്തിന്റെ ലീഡ് കുറയുകയാണ്. കോണ്‍ഗ്രസിനും കാര്യമായ നേട്ടമില്ല.
കേന്ദ്രമന്ത്രിയായിരുന്ന റാം വിലാസ് പസ്വാന്റെ മകനും ദലിത് നേതാവുമായി ചിരാഗ് പസ്വാനെ എതിര്‍ത്തും എതിര്‍ക്കാതെയും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി കളിച്ചതും നിതീഷിനെ ലക്ഷ്യമിട്ടു തന്നെയാണെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ചിരാഗിന്റെ എല്‍ജെപി നിതീഷിന്റെ ജെഡിയുവിന്റെ സീറ്റുകള്‍ കുറയ്ക്കുകയും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉരുത്തിരിയുകയും ചെയ്താല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കാനാകുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
ബിജെപിക്കു മുഖ്യമന്ത്രിസ്ഥാനം ഉറപ്പാക്കാനായാല്‍ പിതാവിന്റെ വഴിയേ കേന്ദ്രമന്ത്രി പദവിയായിരിക്കും ചിരാഗിന് സമ്മാനമായി ലഭിക്കുക. കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കു ലഭിച്ചാല്‍ നിതീഷിന് മാന്യമായ പടിയിറക്കത്തിന് അവസരം നല്‍കാനും സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറച്ചുനാള്‍ മുഖ്യമന്ത്രിയായിരുന്ന ശേഷം രാഷ്ട്രീയ വനവാസത്തിലേക്കു നിതീഷ് മടങ്ങുമെന്നും സൂചനയുണ്ട്. ബിജെപി സംസ്ഥാന രാഷ്ട്രീയത്തില്‍ കരുത്താര്‍ജിക്കുന്നതോടെ നിതീഷിന്റെ ജെഡിയുവിലെ വലിയൊരു വിഭാഗം നേതാക്കളും അവിടേക്കു ചേക്കേറുമെന്നാണു ദേശീയനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിതീഷ് വീണാല്‍ മറ്റൊരു നേതാവില്ലാത്ത ജെഡിയുവിന്റെ പിന്നാക്ക വോട്ട് ബാങ്ക് തങ്ങള്‍ക്കൊപ്പമാകുമെന്ന പ്രതീക്ഷയാണു ബിജെപിക്കുള്ളത്.
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹനുമാനാണെന്ന ചിരാഗിന്റെ പ്രസ്തവനയും ചിരാഗിനെ മുറിവേല്‍പ്പിക്കാതെയുള്ള മോദിയുടെ പ്രചാരണവും ബിജെപിയുടെ രാഷ്ട്രീയ കൗശലത്തിന്റെ തെളിവായാണ് ജെഡിയു നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പിനിടയില്‍, നിതീഷിന്റെ സ്വപ്ന ജലപദ്ധതിയുമായി ബന്ധപ്പെട്ട കരാറുകാരുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകള്‍ ചിരാഗ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങള്‍ കേന്ദ്രം അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും നേതാക്കള്‍ കരുതുന്നു. ചിരാഗിനെ മുന്‍നിര്‍ത്തി ബിജെപി നടത്തുന്ന നീക്കങ്ങളിലെ അപകടം തിരിച്ചറിഞ്ഞ ജെഡിയു നേതാക്കള്‍ പല മണ്ഡലങ്ങളിലും ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.