നിതീഷിനെ വിറപ്പിച്ച ലാലു 2.0; തേജസ്വിയുടെ ത്രസിപ്പിക്കും ജീവിതം

thejaswi-life-story
SHARE

രാഷ്ട്രീയജീവിതത്തിലെ നിര്‍ണായകഫലം നാളെ വരാനിരിക്കെ പിറന്നാള്‍ മധുരം നുണഞ്ഞ് തേജസ്വി പ്രസാദ് യാദവ്.  ക്രിക്കറ്റിലെ റിസര്‍വ് ബെഞ്ചില്‍ നിന്ന് രാഷ്ട്രീയത്തിലെ ക്യാപ്റ്റന്‍സിയില്‍. വിരാട് കോഹ്‍ലിക്ക് കീഴില്‍ ഡല്‍ഹി ടീമില്‍. 18 മാസത്തിനിടയിലെ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്. തേജസ്വിയുടെ ജീവിതം ഇതാ.

മഹാസഖ്യത്തിന്‍റെ 'പോള്‍ വാക്സീന്‍'

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തേജസ്വി പ്രസാദ് യാദവ് ആദ്യമായി മനസു തുറന്ന മലയാള മാധ്യമം മനോരമ ന്യൂസായിരുന്നു. ഫത്തേപ്പുരിലെ റാം സഹായ് ഹൈസ്ക്കൂള്‍ മൈതാനത്തേയ്ക്ക് തേജസ്വിയുടെ ഹെലിക്കോപ്റ്റര്‍ പൊടിപാറിച്ച് പറന്നിറങ്ങിയപ്പോള്‍ ആള്‍ക്കൂട്ടം ആര്‍ത്തിരമ്പി. ഒാരോ അണുവിലും ത്രസിക്കുന്ന ഉൗര്‍ജ്ജസ്വലതയുമായി തേജസ്വി ചാടിയിറങ്ങി. ഹെലികോപ്റ്ററിന് ചുറ്റും നടന്ന് ആള്‍ക്കൂട്ടത്തിന് നേരെ കൈവീശി. വെള്ള കുര്‍ത്തയും പൈജാമയും. പച്ചക്കരയുള്ള ഗംച്ച(മേല്‍മുണ്ട്). നെഞ്ചില്‍ കുത്തിവച്ച റാന്തല്‍ ചിഹ്നം. പറ്റെ വെട്ടിയ മുടി. ശരിക്കും ലാലു 2.0.

‘നിതീഷിനോടാണോ പോരാട്ടം?’ ആദ്യ ചോദ്യത്തിന് തേജസ്വിയുടെ മറുപടിയിങ്ങിനെ:  ‘അല്ല സമയത്തോട്’. എല്ലാ അര്‍ഥത്തിലും അത് ശരിയായിരുന്നു. ബിഹാറിന്‍റെ തലങ്ങുംവിലങ്ങും നിര്‍ത്താെത പറന്നിറങ്ങിയുള്ള പ്രചാരണം. മഹാസഖ്യത്തിന്‍റെ മുഖവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുന്നണിപ്പോരാളിയും തേജസ്വിയാണ്. ആര്‍ജെഡിക്ക് ഇത് പരീക്ഷണ സമയം. തേജസ്വിക്കും. പിതാവ് ലാലു പ്രസാദ് യാദവ് അഴിമതിക്കേസില്‍പ്പെട്ട് അഴിക്കുള്ളില്‍. ലാലുവിന്‍റെ അസാന്നിധ്യത്തില്‍ ആര്‍ജെഡി നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. തേജസ്വിയല്ലാതെ പ്രതിപക്ഷനിരയില്‍ പേരെടുത്ത് പറയാവുന്ന ജനസ്വാധീനമുള്ള ആരുമില്ല. തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന കോണ്‍ഗ്രസിന്‍റെയും തിരിച്ചുവരവ് സ്വപ്നം കാണുന്ന ഇടത് പാര്‍ട്ടികളുടെയും പ്രതീക്ഷകളും ഭാരം മുഴുവന്‍ തേജസ്വിയുടെ ചുമലിലാണ്. കോവിഡ് മഹാമാരിയെ തെല്ലും ഭയക്കാതെ ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഏക നേതാവ് തേജസ്വി യാദവാണ്. കാരണം അയാള്‍ക്ക് ഇത് ജീവന്മരണ പോരാട്ടം. ‘നിതീഷ് ക്ഷീണിതനാണ്’ തേജസ്വി നയം വ്യക്തമാക്കി.

ജംഗിള്‍ രാജിന്‍റെ കറമായ്ക്കാന്‍

‘നവംബര്‍ 9ന് എന്‍റെ പിറന്നാള്‍. നവംബര്‍ 10ന് നിതീഷിന്‍റെ പടിയിറക്കം’. തേജസ്വി ആത്മവിശ്വാസത്തോടെ പറഞ്ഞു. മഹാസഖ്യത്തിന്‍റെ പ്രതീക്ഷകള്‍, ഒന്നര പതിറ്റാണ്ട് നീണ്ട നിതീഷ് ഭരണത്തിന്റെ വീഴ്ച്ചകള്‍ എല്ലാം മനോരമ ന്യൂസിനോട് എണ്ണിയെണ്ണി പറഞ്ഞു. വേദിയിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലുരുന്ന് ചായ വാങ്ങി കുടിച്ചു. തമാശകള്‍ പറഞ്ഞ് ചിരിച്ചു. 'തേജസ്വി ഭയ്യ' എന്നു വിളിച്ചെത്തിയ യുവാക്കളുടെ തോളില്‍തട്ടി. ഇടയ്ക്കെപ്പോഴോ, നമുക്കിടയില്‍ കോവിഡ് ഭീഷണിയുണ്ടെന്ന് ജാഗ്രതപ്പെടുത്താന്‍ ഗംച്ചകൊണ്ട് മൂക്കും വായും മറയ്ക്കാന്‍ വെറുതെ ശ്രമിച്ചു.  ലാലു പ്രസാദ് യാദവ് നട്ടുനച്ച് വളര്‍ത്തിയ യാദവ – മുസ്‍ലിം വോട്ട് ബാങ്കിന് അപ്പുറത്തേയ്ക്ക് വളരാനാണ് തേജസ്വി തിരഞ്ഞെടുപ്പില്‍ ശ്രമിച്ചത്. യുവത്വമാണ് കരുത്ത്. 'പുതിയ ബിഹാര്‍, പുതിയ പ്രതീക്ഷകള്‍' അതാണ് മുദ്രാവാക്യം. ലാലുവിന്‍റെ രാഷ്ട്രീയ പാരമ്പര്യം തേജസ്വിക്ക് ഒരേ സമയം അനുഗ്രഹവും ആശങ്കയുമാണ്. ലാലു റാബ്റി ഭരണകാലത്തെ ദുഷ്ചെയ്തികള്‍ കാര്യമായി ഒാര്‍മകളില്ലില്ലാത്ത പുതുതലമുറയിലാണ് തേജസ്വിയുടെ പ്രതീക്ഷ. ജംഗിള്‍ രാജ് (കാട്ടുനിയമം ) നടത്തുന്നവര്‍, ക്രമസമാധാനം തകര്‍ക്കുന്നവര്‍ എന്ന ആര്‍‌ജെഡിയുടെ ചീത്തപ്പേര് മായ്ക്കാനാണ് ശ്രമം. ‘ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംഎല്‍എ എന്നീ നിലകളിലുള്ള എന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തൂ’ ലാലു കാലത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തേജസ്വിയുടെ മറുപടിയിതാണ്. ബിഹാറിന്‍റെ പ്രാദേശിക മൊഴിവഴക്കങ്ങളില്‍ വെടിച്ചില്ലുപോലെ പ്രസംഗം. 

PTI27-05-2020_000019B

കോവിഡ് പ്രതിസന്ധി, തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ പലയാനം എല്ലാം വിവരിക്കുന്നു. മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ താന്‍ ആദ്യം ഒപ്പിടുക 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള ഫയലിലാകുമെന്ന് വാഗ്ദാനം. അതിന്‍റെ പ്രായോഗികതയെക്കുറിച്ച് ആലോചിച്ച് തലപുണ്ണാക്കാതെ ആള്‍ക്കൂട്ടം കൈയടിക്കുന്നു. അത്ര രൂക്ഷമാണ് ബിഹാര്‍ തൊലില്ലായ്മ പ്രശ്നങ്ങള്‍. നവരാത്രി പ്രാര്‍ഥനകളില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് തേജസ്വി പറയുമ്പോള്‍ വിശ്വാസ രാഷ്ട്രീയത്തിന്‍റെ മറ്റൊരുതലം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രചാരണം നടത്തണമെന്ന് രാജ്യത്തെ പ്രതിപക്ഷത്തിന് കാണിച്ചു തരുന്നുണ്ട് തേജസ്വി. ദേശീയത, അതിര്‍ത്തി സംഘര്‍ഷം, മതവിശ്വാസങ്ങള്‍ എന്നതിപ്പുറം സാധാരണക്കാരുടെ ജീവല്‍പ്രശ്നങ്ങള്‍ വോട്ടാക്കിമാറ്റുക. ഹൃദയം തൊടുന്ന ഭാഷയില്‍ സംസാരിച്ച് ആള്‍ക്കൂട്ടത്തെ ഇളക്കി മറിക്കുക.    

തിരിച്ചു വരവിന്‍റെ ഇന്നിങ്സ്

തേജസ്വിയുടെ ജാതകം എങ്ങിനെ മാറി? ബിഹാറിലെ രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെ തേടുന്നത് ഈ ചോദ്യത്തിന്‍റെ ഉത്തരമാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതായിരുന്നില്ല സ്ഥിതി. മോദി പ്രഭാവത്തിന് മുന്നില്‍ ആര്‍ജെഡി വെന്തുവെണ്ണീറായിപ്പോയിരുന്നു. ഇത് ചാരത്തില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണ്. കോസി നദിയിലൂടെ ഒരുപാട് വെള്ളമൊഴുകി. രാഷ്ട്രീയ സാഹചര്യങ്ങളും മാറി. 1989 നവംബര്‍ 9നാണ് തേജസ്വിയുടെ ജനനം. ലാലു റാബ്റി ദമ്പതികളുടെ എട്ടുമക്കളില്‍ ഇളയവന്‍. സഹോദരി മിസ ഭാരതിക്കൊപ്പം പഠനം പട്നയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറ്റി. വസന്ത് വിഹാറിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ ടീച്ചര്‍മാരുടെ ഒാര്‍മകളില്‍ തേജസ്വി നാണം കുണുങ്ങിയും അന്തര്‍ മുഖനുമായ പയ്യനാണ്. 

thejaswi-group

ക്രിക്കറ്റ് ബാറ്റ് ചേര്‍ത്തുപിടിച്ചാണ് കൗമാരത്തിലേയ്ക്ക് ചുവടുവച്ചത്. ആര്‍.കെ പുരം ഡല്‍ഹി പബ്ലിക് സ്കൂളിലേയ്ക്ക് മാറിയപ്പോള്‍ മുഴുവന്‍ ശ്രദ്ധയും ക്രിക്കറ്റില്‍ മാത്രമായി. ഡല്‍ഹി അണ്ടര്‍ 15 ടീമിലെത്തി. തരക്കേടില്ലാത്ത ഒാള്‍ റൗണ്ടര്‍. ഇശാന്ത് ശര്‍മ – തേജസ്വി പാര്‍ട്ണര്‍ഷിപ്പ് ഡല്‍ഹിയെ ദേശീയ ചാംപ്യന്‍മാരാക്കിയിട്ടുണ്ട്. 10ാം ക്ലാസില്‍ പഠനമുപേക്ഷിച്ചു. ഡല്‍ഹി അണ്ടര്‍ 19 ടീമിന്‍റെ മധ്യനിര ബാറ്റസ്മാനായി. വിരാട് കോഹ്‍ലി നയിച്ച ഡല്‍ഹി ടീമിലും ഇടം കണ്ടെത്തി. ജാര്‍ഖണ്ഡിന് വേണ്ടി രഞ്ജി ട്രോഫിയും കളിച്ചു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് െഎപിഎല്‍ ടീമില്‍ അംഗമായിരുന്നെങ്കിലും 2008 മുതല്‍ 2012വരെ നാല് സീസണുകളില്‍ റിസര്‍വ് ബെഞ്ചിലിരിക്കാനായിരുന്നു വിധി. പിന്നെ ക്രിക്കറ്റ് ക്രീസില്‍ നിന്ന് രാഷ്ട്രീയ ഗോദയിലേയ്ക്ക്.   

പിതാവിന്‍റെ കൈപിടിച്ച് സഹോദരനോട് കലഹിച്ച്

മക്കളായ തേജസ്വിയെയും തേജ്പ്രതാപിനെയും ഒന്നിച്ചാണ് ലാലു രാഷ്ട്രീയത്തിലേയ്ക്ക് കൈ പിടിച്ച് നടത്തിയത്. 'ആര് വാഴും? ആര് വീഴും?' എന്ന് പ്രവചിക്കാന്‍ കഴിയില്ലെങ്കിലും തന്‍റെ മക്കളില്‍ ഒരാള്‍ വാഴണമെന്ന് ലാലു നിശ്ചയിച്ചുറപ്പിച്ചിരുന്നു. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലാലുവിന്‍റെ രണ്ട് മക്കളും പ്രചാരണരംഗത്ത് സജീവമായി. നിതീഷിന്‍റെ സദ്ഭരണത്തോട് ബിഹാര്‍ ഹൃദയം ചേര്‍ത്തുവച്ചപ്പോള്‍  ആര്‍ജെഡി 22 സീറ്റിലൊതുങ്ങി. 2013ല്‍ ലാലു അറസ്റ്റിലായതോടെ അനിശ്ചിതാവസ്ഥ. 2014ലെ മോദിയുടെ തേരോട്ടത്തില്‍ ആര്‍ജെഡി തകര്‍ന്നടിഞ്ഞു. 

റാബ്റിയും മിസ ഭാരതിയും തോറ്റുതുന്നംപാടി. 2015ല്‍ തേജസ്വിയുടെ കന്നിയങ്കം.  26ാം വയസില്‍ രാഘോപുരില്‍ നിന്ന്. നിതീഷിനൊപ്പം ചേര്‍ന്ന് മഹാസഖ്യത്തിന്‍റെ തണലില്‍ േനടിയ വിജയത്തോടെ ബിഹാറിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയായി. അതിനിടെ ഹോട്ടല്‍ ഇടപാട് കേസില്‍ സിബിെഎ തേജസ്വിക്കായി വലവിരിച്ചു. 2017 ജൂലൈയില്‍ നിതീഷ് മഹാസഖ്യം തകര്‍ത്ത് ബിജെപിക്ക് കൈകൊടുത്തതോടെ േതജസ്വിയെന്ന നേതാവിന്‍റെ പരീക്ഷണ കാലം തുടങ്ങി. സഹോദരന്‍ തേജ് പ്രതാപ് യാദവുമായുള്ള മൂപ്പിളമത്തര്‍ക്കങ്ങള്‍, ലാലു കുടുംബത്തിലെ കലഹങ്ങള്‍, ആര്‍ജെഡിയിലെ തലനരച്ച നേതാക്കളുടെ ജനറേഷന്‍പോര് തുടങ്ങി പ്രതിസന്ധികളില്‍ നട്ടംതിരഞ്ഞു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയും. ഗോപാല്‍ഗഞ്ചില്‍ നിന്ന് റെയ്സീനാ കുന്നിലേയ്ക്ക് അധികാര യാത്ര സ്വപ്നം കണ്ട് ലാലു തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനം തീര്‍ന്നുവെന്ന് പലരും വിധിയെഴുതി. 

തിരുത്തലുകളുടെ കണക്കു പുസ്തകം

മുതിര്‍ന്നവരുടെ വാക്കിന് വില കൊടുക്കില്ല, സഖ്യകക്ഷികള്‍ക്ക് പരിഗണന നല്‍കുന്നില്ല, സഹോദരങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നില്ല, ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല, പ്രതിഷേധ പരിപാടികള്‍ സ്ഥിരതയോടെ മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കുന്നില്ല, സംഘടനാസംവിധാനം ദുര്‍ബലമാക്കുന്നു, ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതൃമികവില്ല, സഖ്യകക്ഷികള്‍ക്ക് പുല്ലുവില പോലും നല്‍കുന്നില്ല തുടങ്ങി കൂട്ടത്തിലുള്ളവര്‍ തന്നെ തേജസ്വിക്കെതിരെ തയ്യറാക്കിയ കുറ്റപത്രം നീണ്ടു കിടക്കുന്നു.

India Elections

 തേജ് പ്രതാപ് അതിനിടയില്‍ 'ലാലു റാബ്റി മോര്‍ച്ച'യുണ്ടാക്കി സ്വന്തം വഴിക്ക് പോകാന്‍ ഒരുങ്ങി. അസ്ഥി സംബന്ധമായ ചികില്‍സയ്ക്കായി ഒരു മാസം എല്ലാവരില്‍ നിന്നും 'മുങ്ങിയ' തേജസ്വി മടങ്ങിയെത്തിയത് പുതിയ ഇന്നിങ്സിനാണ്. കുടുംബത്തിലെ പ്രശ്നങ്ങള്‍ ഏറെക്കുറെ പറഞ്ഞു തീര്‍ത്തു. ഒന്നിച്ചു നിന്നില്ലെങ്കില്‍ എല്ലാവരും തകര്‍ന്നടിയുമെന്ന് തേജ് പ്രതാപിനെ ബോധ്യപ്പെടുത്തി. രാജ്യസഭാ എംപി മനോജ് കുമാര്‍ ഝായുടെ പിന്തുണയോടെ തലമുതിര്‍ന്ന നേതാക്കളെ അനുനയിപ്പിച്ചു. പറയുന്നതിനേക്കാള്‍ കേള്‍ക്കുന്നതിന് പ്രധാന്യം നല്‍കി. പ്രളയവും ലോക്ഡൗണും വേട്ടയാടിയ നാളുകളില്‍ ജനങ്ങളുമായി നിരന്തരം ഇടപെട്ടു. വിശ്രമമില്ലാതെ ഒാടിനടന്ന് പാര്‍ട്ടി സംവിധാനം ചലിപ്പിച്ചു. സാമൂഹമാധ്യമങ്ങളിലല്ല, സമൂഹത്തിനിടയിലേയ്ക്ക് നടന്നുചെന്നാണ് ജനങ്ങളോട് ആശയവിനിമയം നടത്തേണ്ടതെന്ന് തേജസ്വി ആവര്‍ത്തിച്ച് ഉറപ്പിച്ചു. സഖ്യകക്ഷികളുമായി പരമാവധി വിട്ടുവീഴ്ച്ച ചെയ്തു. കോണ്‍ഗ്രസിന്‍റെ കരുത്തില്ലായ്മ തിരിച്ചറിഞ്ഞിട്ടും അവര്‍ക്ക് ചോദിച്ച സീറ്റു കൊടുത്തു. ഇടതുപാര്‍ട്ടികളോടുള്ള താല്‍പര്യക്കുറവ് അവസാനിപ്പിച്ചു. മഹാസഖ്യത്തിലെ ഒാരോ സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കേണ്ടത് ആര്‍ജെഡിയുടെ ആവശ്യമാണെന്ന് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തി. 

ലാലുവിന്‍റെയും റാബ്റിയുടെയും ചിത്രങ്ങള്‍ പതിയെ പതിയെ പ്രചാരണ വേദികളില്‍ നിന്ന് മാഞ്ഞു. കുടുംബാംഗങ്ങളോട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് നിര്‍ദേശിച്ചു. 18 മാസം മുന്‍പുവരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ആര്‍ജെഡി നേതാക്കള്‍ ഇപ്പോള്‍ പറയുന്നു: ‘ലാലു പ്രസാദ് യാദവ് ആര്‍ജെഡിയുടെ ആത്മാവും തേജസ്വി ശരീരവുമാണ്. മുന്നോട്ടു പോകണമെങ്കില്‍ രണ്ടും വേണം''.

MORE IN Bihar Assembly Election 2020
SHOW MORE
Loading...
Loading...