
ഫലം വരും മുമ്പ് തോൽവി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ തോൽപ്പിച്ചത് ആർജെഡിയോ തേജസ്വി യാദവോ അല്ല, മറിച്ച് ഈ രാജ്യത്തുണ്ടായ കോവിഡ് എന്ന ശാപമാണ്. ജെഡിയു വക്താവ് കെ.സി ത്യാഗി ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ത്യാഗിയുടെ പ്രതികരണം വരുന്നതിനിടെ ജെഡിയു സഖ്യം മുന്നിലാണെന്ന കൗതുകവുമുണ്ട്.
'ഞങ്ങൾ പിന്നിലാകുന്നതിന് കാരണം കോവിഡാണ്. കഴിഞ്ഞ 70 വർഷങ്ങൾ കൊണ്ട് ബിഹാറിലുണ്ടായ അധപതനത്തിനാണ് ഞങ്ങൾ വില നൽകുന്നത്. വലിയ തരത്തിലുള്ള ഒരു വികസനവും ആർജെഡി ബിഹാറിൽ നടപ്പാക്കിയിട്ടില്ല. പ്രകൃതി മാത്രമാണ് ഞങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്നും' ത്യാഗി പറയുന്നു.
ബിഹാറിൽ നിതീഷ് കുമാറിനെതിരെയുള്ള വികാരം ശക്തമാണ്. തോഴില്, കോവിഡ്, പ്രളയം എന്നീ പ്രശ്നങ്ങളിലൊക്കെ നിതീഷെടുത്ത തീരുമാനങ്ങള്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.
അതേസമയം, കടുത്ത പോരാട്ടത്തിനൊടുവിൽ ബിഹാറിൽ എൻഡിഎ മുന്നിലെത്തിയിരിക്കുകയാണ്. തുടക്കത്തിലെ മഹാസഖ്യത്തിന്റെ മുന്നേറ്റത്തെയാണ് എൻഡിഎ പിന്നിലാക്കിയത്. ചിരാഗ് പാസ്വാന്റെ എൽജെപി ആറിടത്ത് ലീഡ് നേടി.