ചിരാഗ് കരുവോ കരുനീക്കമോ? ബിഹാറിലെ തന്ത്രങ്ങള്‍

chirag-24
SHARE

പാസ്വാന്‍റെ പിന്‍ഗാമി

'ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ്' രാഷ്ട്രീയ ചരിത്രത്തില്‍ പല തവണ പയറ്റിത്തെളിഞ്ഞ ആയുധം. പ്രാദേശികവാദം...അത് ഉയര്‍ത്തിപ്പിടിച്ചാണു ചിരാഗ് പാസ്വാനെന്ന ഇളമുറക്കാരന്‍റെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കരുനീക്കങ്ങള്‍. തിരഞ്ഞെടുപ്പിനു കാത്തുനില്‍ക്കാതെ അച്ഛന്‍ രാംവിലാസ് പാസ്വാന്‍ വിടവാങ്ങിയെങ്കിലും ബിഹാര്‍ രാഷ്ട്രീയത്തിന്‍റെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്ന തന്ത്രങ്ങളുമായാണു മകന്‍റെ പടപ്പുറപ്പാട്. ബിജെപിയുെട രാഷ്ട്രീയ കരുനീക്കങ്ങളുടെ കാലാളെന്നു വിമര്‍ശമുയരുമ്പോഴും, ബിഹാര്‍ തിരഞ്ഞെടുപ്പിന്‍റെ വഴി തന്നെ തിരിച്ചുവിടാനുള്ള കരുത്ത് ആ നീക്കങ്ങള്‍ക്കുണ്ട്.

ത്രികോണമല്‍സരം ആര്‍ക്കനുകൂലം?

എന്‍ഡിഎയുടെ ഭാഗമായി നിന്നുകൊണ്ടുതന്നെ നിതീഷ്കുമാറിന്‍റെ ജെഡിയുവിനെതിരെ മല്‍സരിക്കാനുള്ള തീരുമാനം. ബിഹാര്‍ തിര‍ഞ്ഞെടുപ്പിനെ ത്രികോണമല്‍സരത്തിലെത്തിച്ച ആ കരുനീക്കത്തിനൊപ്പം കൂടിയതു ബിജെപിയുടെ പ്രമുഖ നേതാക്കള്‍.  ബിജെപി വൈസ് പ്രസിഡന്‍റ് അടക്കം ചിരാഗിന്‍റെ കൂടാരത്തിലേക്കു കൂടുമാറി. ത്രികോണ മല്‍സരത്തിലൂടെ നിതീഷ് കുമാര്‍ എന്ന പടക്കുതിരയെ മെരുക്കി ഒതുക്കി ബിഹാറിന്‍റെ കടിഞ്ഞാൺ കൈവശപ്പെടുത്താനുള്ള ബിജെപി തന്ത്രമെന്ന് ഇതിനെ വിലയിരുത്തിയാലും തെറ്റു പറയാനാകില്ല. മുഖ്യമന്ത്രിക്കസേര എന്ന അടങ്ങാത്ത മോഹം ഉള്ളിലൊതുക്കുന്ന ലോക് ജന്‍ശക്തി പാര്‍ട്ടിക്കുള്ളിലുളളതു തൂക്കുമന്ത്രിസഭയിലെ വിലയേറിയ കക്ഷിയാകുക എന്ന ലക്ഷ്യം. തല്‍ക്കാലം ബിജെപി തന്ത്രത്തിന് കരുവായാലും വോട്ടുപെട്ടി പൊട്ടിക്കുമ്പോള്‍ ഫലം തങ്ങള്‍ക്കനുകൂലമായേക്കാമെന്നും അവര്‍ വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുസീറ്റിലൊതുങ്ങിയ പാര്‍ട്ടിക്ക് ഇതില്‍കൂടുതല്‍ വലിയ തന്ത്രങ്ങള്‍ പയറ്റുക തല്‍ക്കാലം പ്രയാസമാകും. ത്രികോണമല്‍സരം കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാനുള്ള വഴിയൊരുക്കുമെന്നും എല്‍ജെപി കണക്കുകൂട്ടുന്നു.

ബിജെപിയും പ്രതിരോധത്തില്‍?

എല്‍ജെപിയുടെ നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന അടക്കംപറച്ചില്‍ നിതീഷ്കുമാറുമായുള്ള ബന്ധത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി. ഒരു കാരണവശാലും ജെഡിയുവിന് വോട്ടുചെയ്യരുതെന്നാണു ചിരാഗ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അടുത്തതു ബിഹാറിലുണ്ടാകേണ്ടതു ബിജെപി–എല്‍ജെപി സര്‍ക്കാരായിരിക്കണമെന്ന ലക്ഷ്യത്തിലേക്കും പ്രവര്‍ത്തകരെ നയിക്കുന്നു.

പട ബിജെപിക്കെതിരെയോ?

ചിരാഗിന്‍റേത് ഫലത്തില്‍ ബിജെപിക്കെതിരായ പടപ്പുറപ്പാടാണെന്നു കണക്കുകൂട്ടുന്നവരുമുണ്ട്. ബിജെപി വിമതരേയും കൂട്ടുപിടിച്ചു പാര്‍ട്ടിയെ മോശമാക്കാനുള്ള നീക്കമാണെന്നും അതിനു പിന്നില്‍ മറ്റാരുടേയോ കരങ്ങളുണ്ടെന്നും ആരോപിക്കുന്ന ഡെപ്യൂട്ടി മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, നിതീഷ് കുമാര്‍ തന്നെയാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ആണയിടുന്നു. നിതീഷിന്‍റെ സ്വപ്ന പദ്ധതികള്‍ക്കെതിരെ ചിരാഗ് ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ എന്‍ഡിഎ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ബിജെപി ക്യാപുകള്‍ വിലയിരുത്തുന്നു.

ചിരാഗിനുപിന്നിലാര്?

അടുത്തിടെ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ നീക്കങ്ങളാണു ചിരാഗിന്‍റെ നിലപാടുകള്‍ക്കു പിന്നിലെന്നാണ് അവരുടെ ആരോപണം. 143 സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും അഞ്ചില്‍ അധികം സീറ്റുകള്‍ എല്‍ജെപിക്കു നേടാനാകില്ല എന്നതാണു ബിജെപിയുടെ കണക്കുകൂട്ടല്‍. കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ മല്‍സരിച്ച എല്‍ജെപി നേടിയതു രണ്ടു സീറ്റുകള്‍ മാത്രമാണ്. എന്നാല്‍, ത്രികോണ മല്‍സരം തിരഞ്ഞെടുപ്പില്‍ ചെറിയ കാര്യമല്ല. വിലയിരുത്തലുകള്‍ക്കപ്പുറം ആരുടെ വോട്ടാണു ചോര്‍ത്തിയതെന്നറിയാൻ ഫലം പുറത്തുവരും വരെ കാക്കേണ്ടി വരും.

ചേര്‍ത്തുപിടിച്ച് പ്രതിപക്ഷം

തൂക്കുമന്ത്രിസഭയ്ക്കും ചിരാഗിന്‍റെ നീക്കങ്ങള്‍ വോട്ടാകാനുമുള്ള സാധ്യതകള്‍ പ്രതിപക്ഷം പൂര്‍ണമായി തള്ളിക്കളയുന്നില്ല. ചിരാഗിനോട് നിതീഷ് അനീതിയാണു കാണിച്ചതെന്ന തേജസ്വി യാദവിന്‍റെ പ്രസ്താവനയില്‍ ആ കരുതല്‍ വ്യക്തം. എന്നാല്‍ ചിരാഗിനെ കൂടെക്കൂട്ടാനുള്ള സാധ്യത മഹാസഖ്യം ഇപ്പോള്‍ തള്ളുകയാണ്.

ചിരാഗിന്‍റെ ചരിത്രം

2014ല്‍ ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ജയിച്ച് രാഷ്ട്രീയ കളരിയിലെത്തിയ ഈ  38 കാരന്‍ ആദ്യം ജനങ്ങള്‍ക്കു മുന്നിലെത്തിയതു സിനിമയുടെ വെള്ളിവെളിച്ചത്തിന്‍റെ തിളക്കത്തില്‍. കങ്കണയുടെ നായകനായി മിലെ ന മിലെ ഹം എന്ന ഹിന്ദി സിനിമയായിരുന്നു ഏകചിത്രം. പിന്നീടു സിനിമയേക്കാള്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ച് പാസ്വാന്‍റെ പാത പിന്തുടരുന്ന തികഞ്ഞ രാഷ്ട്രീയക്കാരനായി ചുവടുവയ്പ്. ആ ചുവടുവയ്പുകളുടെ ഭാവി കൂടിയാണ് ഇൗ തിരഞ്ഞെടുപ്പ്.

വിജയം ആര്‍ക്ക്?

രാഷ്ട്രീയ നിരീക്ഷകർ റാംവിലാസ് പാസ്വാനിട്ട പേര് മൗസം വൈജ്ഞാനിക് എന്നാണ്. അതായതു കാലാവസ്ഥാ ശാസ്ത്രജ്ഞൻ. തിരഞ്ഞെടുപ്പിനു മുന്‍പു രാഷ്്ടീയാന്തരീക്ഷം കൃത്യമായി മനസിലാക്കി ചുവടുറപ്പിക്കാന്‍ പാസ്വാനുള്ള കഴിവാണ് ഈ വിശേഷണത്തിന് ആധാരം. ആ കഴിവ് മകനുമുണ്ടോ എന്നറിയാന്‍ പെട്ടി പൊട്ടിക്കും വരെ കാത്തിരിക്കണം. ഫലം കാണുന്നത് തന്ത്രമോ കുതന്ത്രമോ എന്നറിയണം.  ബിഹാര്‍ രാഷ്ട്രീയത്തിലെ  സസ്പെന്‍സ് പല പല ട്വിസ്റ്റുകള്‍ക്ക് വഴിമാറി തിരഞ്ഞെടുപ്പ് ഫലമെന്ന ക്ലൈമാക്സ് വരെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഉദ്വേഗത്തോടെ കാത്തിരിക്കാം.

MORE IN Bihar Assembly Election 2020
SHOW MORE
Loading...
Loading...