
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. പതിനൊന്ന് സംസ്ഥാനങ്ങളിലായി ഉപതിരഞ്ഞെടുപ്പ് നടന്ന 59 നിയമസഭാ സീറ്റുകളില്‍ 40 ഇടത്തും താമര വിരിഞ്ഞു. ബിഹാറിലെ വാല്മീകിനഗര് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ജെ.ഡി.യു സീറ്റ് നിലനിര്‍ത്തി. ഛത്തീസ്ഗഡിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു.
ഹരിയാന മുതല്‍ കര്‍ണാടക വരെ, ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെ. ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി ആധിപത്യം ഉറപ്പിച്ചു. ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് ഏഴ് എം.എല്‍.എമാര്‍ ഒഴിഞ്ഞ സീറ്റുകള്‍ ഉള്‍പ്പെടെ എട്ടുമണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. എട്ടും ബി.ജെ.പി തൂത്തുവാരി. യു.പിയില്‍ ആറു സിറ്റിങ് സീറ്റുകളും നിലനിര്‍ത്തി. ഉന്നാവ് കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗര്‍ ഒഴിഞ്ഞ ബംഗര്‍മാവു മണ്ഡലവും വന്‍ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തിയത് ബിജെപിക്ക് രാഷ്ട്രീയവിജയമായി.
ഒരു സീറ്റ് സമാജ്വാദി പാര്‍ട്ടിയും നിലനിര്‍ത്തി. മണിപ്പൂരില്‍ നാലുസീറ്റുകളില്‍ ബി.ജെ.പി വെന്നിക്കൊടി പാറിച്ചു. കര്‍ണാടകയില്‍ ജെ.ഡി.എസിന്റെയും കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളായിരുന്ന സിരയിലും രാജാശ്വരി നഗറിലും വന്‍ഭൂരിപക്ഷത്തില്‍ താമര വിരിഞ്ഞു. തെലങ്കാനയിലെ ദുബ്ബക്കില്‍ ബി.ജെ.പിയുടെ വിജയം സിറ്റിങ് സീറ്റ് നഷ്ടമായ ടി.ആര്.എസിനെ ഞെട്ടിച്ചു. ജാര്‍ഖണ്ഡില്‍ രണ്ടു സീറ്റുകളിലും യുപിഎ വിജയിച്ചു.
മുഖ്യമന്ത്രി ഹേമന്ത് സോറന് ഒഴിഞ്ഞ രണ്ടാം മണ്ഡലമായ ധുംക്കയില് സഹോദരന് ബസന്ത് സോറന് കന്നിവിജയം നേടി. ഒഡീഷയിലെ രണ്ടു സീറ്റുകളില്‍ ബി.ജെ.ഡിക്കാണ് വിജയം. ഛത്തീസ്ഗഡില്‍ അന്തരിച്ച മുന്‍മുഖ്യമന്ത്രി അജിത് ജോഗിയുടെ തട്ടകമായിരുന്ന മര്‍വാഹി കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഹരിയാനയിലെ ബറോഡയില്‍ ബിജെപിക്കായി രംഗത്തിറങ്ങിയ ഒളിമ്പ്യന്‍ ഗുസ്തിതാരം യോഗേശ്വര്‍ ദത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദുരാജിന് മുന്നില്‍ അടിയറവ് പറഞ്ഞു.