
ബിഹാറില്‍ മഹാസഖ്യം നിയമനടപടിക്ക്? വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണ്.
ടീം തോറ്റെങ്കിലും ജയിച്ച ക്യാപ്റ്റനാണ് തേജസ്വി പ്രസാദ് യാദവ്. തിരഞ്ഞെടുപ്പിന്റെ അജന്‍ഡ നിശ്ചയിച്ചത് തേജസ്വിയായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ മോശം പ്രകടനവും നരേന്ദ്ര മോദിയുടെ മാസ് എന്‍ട്രിയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ബിഹാറിന്റെ വരുംകാല രാഷ്ട്രീയത്തിന് തന്നെ അവഗണിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് തേജസ്വി തെളിയിക്കുകയും ചെയ്തു.
മഹാമാരിക്കാലത്തെ ജനവിധി ലാലു റാബ്റി ദമ്പതികളുടെ എട്ടുമക്കളില്‍ ഇളയവന് അതിജീവനപ്പോരാട്ടമായിരുന്നു. അഴിമതിക്കേസില്‍ പിതാവ് അഴിക്കുള്ളില്‍. ലാലുവില്ലാതെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ ആര്‍ജെഡി വെന്തുവെണ്ണാറിയിരുന്നു. ആ ചാരത്തില്‍ നിന്ന് പാര്‍ട്ടിയെ ഉയര്ത്തെഴുന്നേല്പ്പിക്കാനുള്ള പോരാട്ടത്തിലായിരുന്നു തേജസ്വി. യാദവ – മുസ്ലിം വോട്ട് ബാങ്കിന് അപ്പുറത്തേയ്ക്ക് വളരാന്‍ ലക്ഷ്യമിട്ടു. യുവവോട്ടര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചു. പുതിയ ബിഹാര്‍' മുദ്രാവാക്യം മുന്നോട്ടുവച്ചു.
കോവിഡ് പ്രതിസന്ധി, തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ പലയാനം എന്നിവ ചര്‍ച്ചയാക്കി. 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന വാഗ്ദാനം ജനം ഏറ്റെടുത്തു. ലാലുവിന്റെ രാഷ്ട്രീയത്തിന്റെ പിന്തുടര്ച്ചവകാശിയായി തേജസ്വി പരുവപ്പെട്ടു. തേജ്പ്രതാപുമായുള്ള മൂപ്പിളമ തര്‍ക്കം തീര്‍ത്തു. സഖ്യകക്ഷികളെ ചേര്‍ത്തുനിര്‍ത്തി. ആര്‍ജെഡിയിലെ തലമുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ കേട്ടു. ബിഹാറിന്റെ തലങ്ങുംവിലങ്ങും നിര്‍ത്താതെ പ്രചാരണം നയിച്ച് തേജസ്വി ആള്‍ക്കൂട്ടത്തെ ഇളക്കിമറിച്ചപ്പോള്‍ നിതീഷ് കുമാര്‍ വിറച്ചു.
പക്ഷെ കോണ്‍ഗ്രസിന് നല്കിയ പരിഗണന തിരിച്ചടിയായി. പരിചയസമ്പത്തില്ലാത്ത യുവരാജാവെന്ന പരിഹാസത്തിനപ്പുറം ബിഹാര്‍ രാഷ്ട്രീയത്തിലെ നിര്‍ണയാക ശബ്ദമാകാന്‍ തേജസ്വിക്ക് കഴിഞ്ഞുവെന്ന് നിസ്സസംശയം പറയാം. ക്രിക്കറ്റിന്റെ ക്രീസ് വിട്ട് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുമാറ്റിയ തേജസ്വിയുടെ പുതിയ ഇന്നിങ്സ് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ കൂടി ഭാവി നിര്‍ണയിക്കും.