കരുനീക്കി സോണിയ; നിരീക്ഷകർ പട്നയിൽ; പ്രതീക്ഷയില്‍ മഹാസഖ്യം

bihar
SHARE

ബിഹാറില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തില്‍ മഹാസഖ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടര്‍രാഷ്ട്രീയ നീക്കങ്ങള്‍ക്കായി നിരീക്ഷകരെ പട്നയിലേയ്ക്ക് അയച്ചു. സര്‍ക്കാരിന്‍റെ ഭാഗമാകില്ലെന്ന നിലപാടിലാണ് ഇടതുപാര്‍ട്ടികള്‍. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി പ്രതികരിച്ചു. ചൊവ്വാഴ്ചയാണ് ബിഹാറില്‍ വോട്ടെണ്ണല്‍. 

നിതീഷ് കുമാറിന്‍റെ ഒന്നര പതിറ്റാണ്ടത്തെ അധികാരവാഴ്ച്ച ഭരണവിരുദ്ധവികാരത്തിന്‍റെ കൊടുങ്കാറ്റില്‍ തകരുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതോടെ മഹാസഖ്യത്തിന്‍റെ ക്യാംപ് ആവേശത്തിലാണ്. സി വോട്ടര്‍ സര്‍വേ 108 മുതല്‍ 131വരെയും ആക്സിസ് മൈ ഇന്ത്യ 139 മുതല്‍ 161വരെയും ടുഡേസ് ചാണക്യ 169 മുതല്‍ 191വരെയും ജന്‍കി ബാത്ത് 118 മുതല്‍ 138 വരെയും ഡിവി റിസര്‍ച്ച് 123വരെയും സീറ്റുകള്‍ മഹാസഖ്യത്തിന് പ്രവചിക്കുന്നു. 200ലധികം സീറ്റുകള്‍ കിട്ടുമെന്നാണ് ആര്‍ജെഡി ക്യാംപിലെ പ്രതീക്ഷ. രണ്‍ദീപ് സിങ് സുര്‍ജെവാലയെയും അവിനാശ് പാണ്ഡെയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പട്നയിലേയ്ക്ക് അയച്ചു. വോട്ടെണ്ണലിന് ശേഷമുള്ള നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഇരുവരും നേതൃത്വം നല്‍കും. 

യുപിഎ സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണ നല്‍കിയതുപോലെ തിരുത്തല്‍ ശക്തിയായി നിലകൊള്ളാനാണ് ഇടതുപാര്‍ട്ടികള്‍ക്ക് താല്‍പര്യം. എന്നാല്‍ രണ്ട് സര്‍വേകള്‍ എഡിഎയ്ക്ക് മേല്‍ക്കൈ പ്രവചിക്കുന്നുണ്ട്. ദൈനിക് ഭാസ്ക്കര്‍ സര്‍വേ 127 സീറ്റും ഡല്‍ഹി സര്‍വകലാശ നടത്തിയ സര്‍വേ 129 സീറ്റും എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നു. യാദവ മുസ്‍ലിം വോട്ടുബാങ്കിനപ്പുറത്തേയ്ക്ക് തേജസ്വി സ്വാധീനമുണ്ടായിട്ടുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. യുവത്വം നിര്‍ണായകഘടകമായി. എല്‍ജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെങ്കിലും ചരാഗ് പസ്വാന്‍റെ കലാപം എന്‍ഡിഎയ്ക്ക് പ്രത്യേകിച്ച് ജെഡിയുവിന് വന്‍ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.

MORE IN Bihar Assembly Election 2020
SHOW MORE
Loading...
Loading...