മായുന്ന ചുവപ്പിന് ഉണർവായി ബിഹാർ; ജനകീയാടിത്തറയിൽ കെട്ടിപ്പൊങ്ങി സിപിഐ എംഎൽ

ldf-wb-new
SHARE

കേരളത്തിനപ്പുറം ചുവപ്പുമായുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകുന്നതാണ് ബിഹാറിലെ ജനവിധി. മൂന്ന് ഇടതുപാര്‍ട്ടികളില്‍ വല്യേട്ടനായ സിപിെഎ എംഎല്‍ നേടിയ വിജയം ജനകീയ അടിത്തറ നേടിയെടുത്ത് എങ്ങിനെ തിരഞ്ഞെടുപ്പ് വിജയം നേടാം എന്നതിന്‍റെ മാനിഫെസ്റ്റോ കൂടിയാണ്. ഇടതുപാര്‍ട്ടികളെ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് ബിഹാര്‍ തെളിയിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചു.  

മൂന്ന് ഇടതുപാര്‍ട്ടികളും ചേര്‍ന്ന് 29 സീറ്റിലാണ് മഹാസഖ്യത്തിന്‍റെ കുടക്കീഴില്‍ മല്‍സരിച്ചത്. സിപിെഎഎംഎല്‍ 19, സിപിെഎ 6, സിപിഎം 4. കോണ്‍ഗ്രസിന്‍റെ വിലപേശല്‍ ആര്‍ജെഡിക്ക് തിരിച്ചടിയായെങ്കില്‍ ഇടതുപാര്‍ട്ടികളുടെ സാന്നിധ്യം സ്വീകാര്യത വര്‍ധിപ്പിച്ചു. ജനറല്‍ സെക്രട്ടറിമാരടക്കം മൂന്ന് പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിനെത്തി. കനയ്യ കുമാര്‍ ജനക്കൂട്ടത്തെ ഇളക്കി മറിച്ചു. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നം, സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ എന്നിവ ഇടതുപാര്‍ട്ടികള്‍ സജീവ ചര്‍ച്ചയാക്കി. ഗ്രാമീണമേഖലകളിലെയും ദലിത് പിന്നാക്ക വിഭാഗങ്ങളിലെയും ചുവപ്പിന്‍റെ തുടിപ്പ് വീണ്ടെടുക്കാന്‍ നിരന്തരം പരിശ്രമിച്ചു. കൂട്ടത്തില്‍ മെച്ചപ്പെട്ട സംഘടനാസംവിധാനമുള്ള സിപിെഎ എംഎലായിരുന്നു മുന്‍നിരയില്‍. ലഘുലേഖകളുമായി ആളുകളെ നേരിട്ട് കണ്ട് രാഷ്ട്രീയം പറയുന്ന പരമ്പരാഗത ശൈലി പയറ്റിയ സിപിെഎഎംഎല്‍ ബിഹാറിലെ വോട്ടര്‍മാരുടെ ഹൃദയത്തിലേയ്ക്കും കടന്നുകയറി. പുതിയകാല കമ്യൂണിസ്റ്റ് ശീലങ്ങളില്‍ ബദല്‍ മാതൃകയായി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു ബിഹാര്‍. 1972ല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം സിപിെഎയ്ക്കായിരുന്നു. 2010ല്‍ സിപിെഎ കിട്ടിയത് ഒരു സീറ്റ്. 2015ല്‍ സിപിെഎഎംഎലിന് മൂന്ന് സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് അടക്കം മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപി വിരുദ്ധ തിരഞ്ഞെടുപ്പ് സഖ്യത്തിന് തീരുമാനമെടുത്ത സിപിഎമ്മിന് ബിഹാര്‍ ആത്മവിശ്വാസം നല്‍കുന്നു. ബംഗാള്‍ വിധിയെഴുതാനിരിക്കെ പ്രത്യേകിച്ചു. ഇടതുപക്ഷത്തിന്‍റെ ദേശീയ പ്രസക്തി വീണ്ടും ചര്‍ച്ചയാകുന്നു. അതും ഇന്ത്യന്‍ കമ്യൂണിസത്തിന്‍റെ നൂറാംവര്‍ഷത്തില്‍. 

MORE IN BIHAR ELECTION
SHOW MORE
Loading...
Loading...