
ബിഹാറിന്റെ സിംഹാസനം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും നിതീഷ് കുമാറിന്റെ കണക്കു പുസ്തകത്തില്‍ നഷ്ടങ്ങളാണ് നിറയെ. ഒരുകാലത്ത് നിരന്തരം എതിര്ത്തിരുന്നിരുന്ന നരേന്ദ്ര മോദിയുടെ നിഴലായ് നിന്നാണ് രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പില്‍ മുഖംരക്ഷിച്ചത്. ബിജെപി വരയ്ക്കുന്ന കളത്തിനകത്ത് നിന്നുവേണം ഇനി നിതീഷ് കുമാറിന് അധികാരം മുന്നോട്ടുകൊണ്ടുപോകാന്‍.
സുശാസന്‍ ബാബു. സദ്ഭരണത്തിന്റെ മുഖം. നിതീഷ് കുമാറിന് പാര്ട്ടിഭേദങ്ങള്ക്കപ്പുറമായി ചാര്‍ത്തിക്കിട്ടിയ വിശേഷണമാണ്. ആര്‍ജെഡി ഭരണത്തിന്റെ കഠിനകാലം കടന്ന ബിഹാറിന്റെ മുഖച്ഛായ മാറ്റിയത് നിതീഷാണ്. എന്നാല്‍ പുതിയ തലമുറയുടെ രാഷ്ട്രീയത്തിനൊപ്പം നില്ക്കാന് കഴിഞ്ഞില്ല. ലോക്ഡൗണും കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നവും പ്രളയക്കെടുതിയും കൈകാര്യം ചെയ്തതില്‍ വീഴ്ച്ച പറ്റി. ബിജെപിയുമായുള്ള സീറ്റ് ചര്‍ച്ചയിലും ജെഡിയുവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും നിതീഷിന്റെ പിടിവാശികള്‍ തിരിച്ചടിയായി.
ബിജെപിയുടെ മൗനാനുവാദത്തോടെ ചിരാഗ് പസ്വാന് ഉയര്‍ത്തിയ കാലാപം ജെഡിയുവിന്റെ വോട്ട്ബാങ്ക് ഇളക്കി. എന്‍ഡിഎയിലെ പരസ്പര അവിശ്വാസങ്ങള്ക്കിടയിലും നിതീഷ് തന്നെയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി ആവര്‍ത്തിച്ച് ആണയിട്ടു. നളന്ദയടക്കം സ്വാധീനമേഖലകളും സ്ത്രീ വോട്ടര്‍മാരും ഇബിസി പിന്നാക്ക വോട്ടുബാങ്കും പക്ഷെ തുണച്ചു. ആര്‍ജെഡിയുടെ ജംഗിള്‍ രാജിനെക്കുറിച്ച് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ മോദി ഉയര്‍ത്ത ചര്‍ച്ചകളാണ് നിതീഷ് ഭരണത്തിന് ജനവികാരം അനുകൂലമാക്കിയത്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിന് മോദി തരംഗംകൊണ്ട് തടഞ്ഞത്.
തന്റെ മതേതര പ്രതിച്ഛായ സംരക്ഷിക്കാന്‍ മോദിയെ അകറ്റിനിര്‍ത്തിയ ചരിത്രം നിതീഷിനുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പേര് തിരഞ്ഞെടുപ്പ് താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയിട്ടുണ്ട്. പക്ഷെ ഇത്തവണ ബിജെപി മോദിയെ മാത്രം ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയപ്പോള്‍ നിതീഷിനൊപ്പം മോദിയെയും ചേര്‍ത്തുനിര്‍ത്താന്‍ ജെഡിയു ശ്രമിച്ചു. മോദി നിതീഷിന്റെ ഭാവി നിശ്ചയിക്കുന്ന ഘടകമായി മാറി.