ഭക്ഷണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ നിക്കൊളാസ് പെറിയെന്ന നികൊകാഡോ അവക്കാഡോയെ ഏറ്റവും പുതിയ വിഡിയോയില്‍ കണ്ടവരെല്ലാം ഞെട്ടി. അമിതവണ്ണം കൊണ്ട് സ്ക്രീന്‍ നിറഞ്ഞിരുന്ന നിക്കോയ്ക്ക് പകരം ചുവപ്പ് ടീ ഷര്‍ട്ടിട്ട് ഒരു ചുള്ളന്‍ ചെറുപ്പക്കാരന്‍. ആരെയും സ്തബ്ധരാക്കുന്ന ട്രാന്‍സ്ഫര്‍മേഷന്‍. അഞ്ചും പത്തുമല്ല, 114 കിലോ ഭാരമാണ് രണ്ട് വര്‍ഷം കൊണ്ട് നിക്കോ കുറച്ചത്. പക്ഷേ ഈ രണ്ടു വര്‍ഷക്കാലം നിക്കോ യൂട്യൂബില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്ത് വന്നിരുന്നു. വിഡിയോകളത്രയും താന്‍ രണ്ട് വര്‍ഷം മുന്‍പ് ഷൂട്ട് ചെയ്ത് വച്ചതാണെന്ന വെളിപ്പെടുത്തല്‍ കൂടി നിക്കോ നടത്തി.
'ടൂ സ്റ്റെപ്സ് എഹെഡ്' എന്ന വിഡിയോയിലാണ് അതീവ രഹസ്യമായി സൂക്ഷിച്ച തന്‍റെ ഫിറ്റ്നസ്– വെയ്റ്റ്ലോസ് യാത്രയുടെ വിശദാംശങ്ങള്‍ നിക്കോ പങ്കുവച്ചത്. വിഡിയോ കണ്ട ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. പലരും ഞെട്ടലും ആരാധനയും അറിയിച്ചപ്പോള്‍ മറ്റു ചിലര്‍ 'പറ്റിക്കുകയായിരുന്നല്ലേ' എന്ന സങ്കടമാണ് പങ്കുവച്ചത്. എന്നാലും ഈ ആത്മസമര്‍പ്പണത്തിന് കയ്യടിയെന്നും ആരാധകര്‍ പറയുന്നു. വേറെ ചിലരാവട്ടെ സ്വകാര്യത കാത്ത് സൂക്ഷിക്കുന്നതിനൊപ്പം തന്നെ ആരാധകര്‍ക്കായി മുടങ്ങാതെ വിഡിയോ അപ്ലോഡ് ചെയ്യാനുള്ള നിക്കോയുടെ പ്രയത്നത്തെ പ്രശംസിച്ചാണ് കമന്‍റുകള്‍ ഇട്ടിരിക്കുന്നത്.
20 മില്യണ്‍ ആളുകളാണ് വിഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. 'ഞാനെന്നും രണ്ട് ചുവട് മുന്നിലാണ്' എന്ന നിക്കോയുടെ വാചകമടിയോടെയാണ് വിഡിയോ തുടങ്ങുന്നത് തന്നെ. 'എന്‍റെ ജീവിതം കൊണ്ട് ഞാന്‍ നടത്തിയ ഏറ്റവും വലിയ പരീക്ഷണമായിരുന്നു ഇത്. മുന്നോട്ട് പോകാനുള്ള ഊര്‍ജം തേടി വിജയകഥകള്‍ക്കും ആശയങ്ങള്‍ക്കും പിന്നാലെ ആളുകള്‍ പോകുന്നത് കാണുന്നത് ആശങ്കാജനകമാണ്. ഇക്കാലത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഈ 114 കിലോ ഭാരം ശരീരത്തില്‍ നിന്നും കുറയ്ക്കുകയെന്നതെന്നും നിക്കോ പറയുന്നു. ആരോഗ്യകാര്യത്തില്‍ മാത്രമാണ് ഈ രണ്ടുവര്‍ഷത്തിനിടെ താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും നിക്കോ വിഡിയോയില്‍ വ്യക്തമാക്കി. 'ഇന്നലെയെന്നോണം ഞാനൊരു സ്വപ്നത്തില്‍ നിന്നുണര്‍ന്നു'. രണ്ട് ദിവസം മുന്‍പ് വരെ വിഡിയോയ്ക്ക് ചുവടെ വന്ന് ആളുകള്‍ തന്നെ തടിയനെന്നും, അരസികനെന്നും ഭംഗിയില്ലാത്തവനെന്നും ഒക്കെ ആക്ഷേപിച്ചിരുന്നുവെന്നും നിക്കോ പറയുന്നു.
32കാരനായ നിക്കോ ജന്‍മം കൊണ്ട് യുക്രൈന്‍ സ്വദേശിയാണ്. പിന്നീട് അമേരിക്കക്കാരായ ദമ്പതികള്‍ ദത്തെടുക്കുകയും അവര്‍ ഫിലിപ്പീന്‍സിലേക്ക് മാറുകയുമായിരുന്നു. മികച്ച വയലിന്‍ വാദകനായ നിക്കോ 2014ലാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. വീഗന്‍ ജീവിതരീതിയാണ് ആദ്യഘട്ടത്തില്‍ നിക്കോ വിഡിയോയിലൂടെ പങ്കുവച്ചിരുന്നത്.
2016 ആയപ്പോഴേക്ക് വീഗന്‍ ഭക്ഷണ രീതി ഉപേക്ഷിച്ച് പൂര്‍ണമായും ജങ്ക് ഫുഡിലേക്ക് നിക്കോ മാറി. വിഡിയോ നിര്‍മിക്കുന്നതിനായി വലിച്ചു വാരി ജങ്ക് ഫുഡ് അകത്താക്കുകയും അത് ശീലമാക്കുകയും ചെയ്തതോടെ ഒരു വര്‍ഷത്തിനുള്ളില്‍ നിക്കോയ്ക്ക് ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്നങ്ങോട്ട് അമിതവണ്ണം ആഘോഷമാക്കുന്ന തരത്തിലായിരുന്നു നിക്കോയുടെ ജീവിതം. അവിടെ നിന്നുമാണ് നിക്കോ പഴയ ജീവിതം തിരിച്ച് പിടിച്ച് ആരോഗ്യകരമായ ശരീരം വീണ്ടെടുത്തത്. ആര്‍ക്കും പ്രചോദനമേകുന്നതാണ് നിക്കോയുടെ ജീവിതമെന്ന് ആരാധകര്‍ തന്നെ വിഡിയോയ്ക്ക് ചുവടെ കുറിക്കുന്നു. ആറ് യൂട്യൂബ് ചാനലുകളിലായി എണ്‍പത് ലക്ഷത്തോളം ആളുകളാണ് നിക്കോയുടെ വിഡിയോകള്‍ കാണാനെത്തുന്നത്.