photo courtesy: Shutterstock
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചുവെന്ന വാര്‍ത്തകള്‍ അടുത്തിടെയായി വര്‍ധിച്ചു വരുന്നുണ്ട്. ഇത് ചെറിയ ആശങ്കയൊന്നുമല്ല യുവ തലമുറയിലെ ഫിറ്റ്നസ് ഫ്രീക്കുകളില്‍ സൃഷ്ടിച്ചത്. ജിമ്മില്‍ പോകാനും ശരീര സൗന്ദര്യവും ഫിറ്റനെസും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് യുവ തലമുറ. മണിക്കൂറുകള്‍ കഠിനമായ വ്യായാമ മുറകള്‍ ചെയ്യാന്‍ യുവാക്കള്‍ക്ക് ഒരുമടിയുമില്ല. എന്നാല്‍ ഇത് സേഫ് ആണോ? ജിമ്മിലെ മണിക്കൂറുകള്‍ നീളുന്ന വ്യായാമം ഹൃദയാരോഗ്യത്തെ ബാധിക്കുമോ? ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യതയുണ്ടോ? എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍ ജോ ജോസഫ് വിശദമാക്കുന്നതിങ്ങനെ..
ഹൃദ്രോഗത്തില്‍ നിന്ന് ആരും മുക്തരല്ല. ഹൃദ്രോഗ സാധ്യതയെ മൂന്നായി തിരിക്കാം. ലോ റിസ്ക്, ഇന്‍റര്‍മീഡിയേറ്റ് റിസ്ക് , ഹൈ റിസ്ക്. 20 മുതല്‍ 30 വരെ പ്രായത്തിലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ആളുകളും സ്ത്രീകളും ലോ റിസ്കില്‍ പെടുന്നു. പാരമ്പര്യമായി ഹൃദ്രോഗമുള്ള ആളുകള്‍ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയുള്ളവരെല്ലാം ഹൈ റിസ്ക് കാറ്റഗറിയില്‍ പെടുന്നു. ജിമ്മില്‍ പോകുന്നതിനാല്‍ നിങ്ങള്‍ റിസ്ക് കാറ്റഗറി വ്യത്യാസപ്പെടുന്നില്ല. ജിമ്മില്‍ പോയി കഠിനമായി വ്യായാമ മുറകള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നെങ്കില്‍ നമ്മള്‍ ഏത് കാറ്റഗറിയില്‍ പെടുന്നു എന്ന് അറിഞ്ഞിരിക്കണം.
photo courtesy: Shutterstock
വാം അപ് മറക്കരുത്
ജിമ്മില്‍ പോകുന്നതിന് മുന്‍പ് ഹൃദാരോഗ്യം പരിശോധിക്കണം. കുഴപ്പമില്ലെന്ന് ഉറപ്പാക്കി മാത്രം വ്യായാമം ചെയ്യണം. എത്രയും വേഗം റിസള്‍ട്ട് കിട്ടാനായി കഠിനമായ വ്യായാമം ചെയ്യാനാണ് എല്ലാവരും ശ്രമിക്കു. എന്നാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വാം അപ്പ് പ്രധാനമാണ്. ശാസ്ത്രീയമായി വ്യായാമ മുറകള്‍ പിന്തുടരുക. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് കഠിനമായ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയഘാതം വരാന്‍ സാധ്യതയുണ്ട്. ഹൈ റിസ്ക് കാറ്റഗറിയില്‍ പെടുന്ന ആളാണെങ്കില്‍ ഹിറ്റനെസ് ട്രെയിനിങ്ങിനോ ജിമ്മിലോ പോകുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് ഹൃദയാരോഗ്യം പരിശോധിക്കുകയും നിര്‍ദേശങ്ങള് സ്വീകരിക്കുകയും ചെയ്യണം.