ആധുനിക ചികിത്സയുടെ ആണിക്കല്ലാണ് ഫോളോ അപ്പെന്ന് ഡോ. ഹാരിസ് ചിറക്കൽ. ഫോളോ അപ്പിന് കൃത്യമായ ഒരു മലയാളപദം ഉണ്ടോ എന്ന് സംശയമുണ്ട്. ചെക്കപ്പ് എന്ന് ഇംഗ്ലീഷ് മലയാളത്തിൽ പറയാം. ഉദ്ദേശിക്കുന്നത്, ഡോക്ടറുമായി ആദ്യ കൺസൾട്ടേഷന് ശേഷം പിന്നീട് കൃത്യ ഇടവേളകളിൽ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കും രോഗി പോകുന്ന കാര്യമാണ്.
ആധുനിക ചികിത്സയിൽ ഒറ്റമൂലി പ്രയോഗങ്ങളില്ല. ഒറ്റ പരിശോധനയിലും ഒറ്റ ചികിത്സയിലും മാറുന്ന രോഗങ്ങളും തീരെ കുറവാണ്. ആദ്യത്തെ പരിശോധനയിൽ തൊണ്ണൂറ് ശതമാനം രോഗവും കൃത്യമായി കണ്ടെത്തുന്നില്ല എന്നതാവും ശരി. പലപ്പോഴും ഒരു ഏകദേശ ധാരണമാത്രമാണ് ആദ്യ പരിശോധനയിൽ ഡോക്ടർമാർക്ക് കിട്ടുക. ആദ്യം തരുന്ന മരുന്നുകളും അതുകൊണ്ട് തന്നെ കൃത്യമാകണമെന്നില്ല. രോഗിയുടെ ലക്ഷണങ്ങൾ വരും ദിവസങ്ങളിൽ എങ്ങനെ പ്രകടമാകുന്നു, ആദ്യത്തെ ഡയഗ്നോസിസ് ശരിയോ തെറ്റോ, മരുന്നുകളിൽ രോഗിക്ക് വ്യത്യാസം വരുന്നുണ്ടോ അതോ രോഗം മൂർച്ഛിക്കുകയാണോ, ആവശ്യപ്പെട്ട ടെസ്റ്റുകളുടെ റിപ്പോർട്ട് എന്താണ് എന്നൊക്കെ തുടർ പരിശോധനയിലാണ് തെളിഞ്ഞു വരിക.
ചികിത്സ കഴിഞ്ഞും ഓപ്പറേഷനുകൾ കഴിഞ്ഞും ഈ ഫോളൊ അപ് കൾ നിർബന്ധമാണ്. അത് രോഗിയുടെ ഇഷ്ടപ്രകാരമല്ല, ഡോക്ടറുടെ ഉപദേശപ്രകാരമാണ് ചെയ്യേണ്ടത്. കാലയളവ് വളരെ പ്രധാനമാണ്. നാളെ ഒന്നുകൂടി വരൂ എന്ന് ഡോക്ടർ പറഞ്ഞാൽ, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ആ രോഗിക്ക് എന്തോ ബുദ്ധിമുട്ട് കൂടുതലാകാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർ ഭയക്കുന്നു എന്ന് വ്യക്തം. രോഗി ചെയ്യേണ്ടത് അടുത്ത ദിവസം തന്നെ വീണ്ടും പരിശോധനയ്ക്ക് എത്തുക എന്നതാണ്. ഒരാഴ്ച കഴിഞ്ഞ്, ഒരു മാസം കഴിഞ്ഞ്, മൂന്ന് മാസം കഴിഞ്ഞ്..... ഇങ്ങനെയൊക്കെ ഡോക്ടർ പറയുന്നത് രാജ്യാന്തര ചികിത്സാ മാനദണ്ഡങ്ങൾ അനുസരിച്ചാണ്.
ഈ ഇടവേളകളിൽ രോഗിക്ക് രോഗം മൂലമുള്ള ബുദ്ധിമുട്ടുകൾ ഏറിയും കുറഞ്ഞും ഉണ്ടാകാമെന്നും അത് തുടക്കത്തിൽ കണ്ടെത്തി ചികിത്സ പുന:ക്രമീകരിക്കാമെന്നും ഡോക്ടർ ചിന്തിക്കുന്നു. അത് ശരിയായ ചികിത്സയുടെ അടിസ്ഥാന തത്വമാണ്. ഉദാഹരണത്തിന്, പ്രമേഹം. മാസാമാസം ഷുഗർ പരിശോധിക്കുക, മൂന്ന് മാസം കൂടുമ്പോൾ HbA1C പരിശോധിക്കുക, വർഷാവർഷം ക്രിയാറ്റിനിൻ, കണ്ണ് പരിശോധന etc ചെയ്യുക എന്നൊക്കെ ഡോക്ടർ പറയുന്നതിൽ വളരെ കാര്യമുണ്ട്. കേരളത്തിലെ വൃക്ക തകരാറുകളിൽ അൻപത് ശതമാനത്തിലേറെ കാരണം പ്രമേഹ രോഗമാണ്. രോഗം കൃത്യമായി ചികിത്സിക്കാത്തതാണ് എന്ന് പറയുന്നതാകും ശരി. ഞങ്ങൾ മെഡിക്കൽ കോളേജിൽ "മൂത്രസഞ്ചിയിലെ ക്യാൻസർ" രോഗികളിൽ നടത്തിയ പഠനത്തിൽ കണ്ടത്,ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞ് വീണ്ടും കൃത്യമായ ഫോളോ അപ്പിന് വരുന്നത് കേവലം 40 ശതമാനത്തിൽ താഴെ മാത്രം രോഗികളാണ് എന്നുള്ള ഞെട്ടിക്കുന്ന കാര്യമാണ്.
അവരെ തിരിച്ചു വിളിക്കാൻ ശ്രമിച്ചാൽ, അവർ തന്നിരിക്കുന്ന ഫോൺ നമ്പറുകളും അഡ്രസ് പോലും തെറ്റാണ് എന്ന അതിഗുരുതരമായ അവസ്ഥ. മൂത്രസഞ്ചിയിലെ ക്യാൻസർ എല്ലാ മൂന്നുമാസങ്ങൾ കൂടുമ്പോഴും പരിശോധനയും ചികിത്സയും ആവശ്യമുള്ളതാണ്. ഇത് മുടക്കി, പിന്നീട് എപ്പോഴോ അതിഗുരുതരാവസ്ഥയിൽ രോഗി തിരിച്ചെത്തി മരണമടയുന്നത് വളരെ സാധാരണവും. ഇതുപോലെ തന്നെയാണ് മറ്റ് മിക്ക രോഗികളും. രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് ഫോളോ അപ്പിന് വന്നില്ല എന്നാണ് പലരുടേയും മറുപടി. രോഗം ഗുരുതരമാകുമ്പോഴാണ് പലപ്പോഴും ലക്ഷണങ്ങൾ തുടങ്ങുന്നത്. അപ്പോഴേക്കും ചികിത്സ കൊണ്ട് ഫലം കിട്ടാത്ത അവസ്ഥയിൽ രോഗി എത്തും.
ലക്ഷണങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ രോഗാവസ്ഥ കണ്ടെത്തുക, അതാണ് ഫോളോ അപ് ഉദ്ദേശിക്കുന്നത്. ചികിത്സയുടേയും തുടർ ചികിത്സകളുടേയും പരിശോധനകളുടേയും ഒക്കെ വിവരങ്ങൾ ഏറെ കാലത്തേക്ക് സൂക്ഷിച്ചു വെയ്ക്കുകയും വേണം.- ഹാരിസ് ചിറക്കൽ വ്യക്തമാക്കുന്നു.