ഉച്ചയുറക്കം പതിവുള്ളവരാണോ? ഉച്ചയുറക്കം കൊണ്ട് ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടോ? പലര്‍ക്കും തോന്നിയൊരു സംശയമായിരിക്കാം ഇത്. വയറുനിറയെ ഭക്ഷണം കഴിച്ച് ഉച്ചക്കൊരു മയക്കം, അതൊരു സുഖമാണ്. ചില കുടുംബങ്ങളില്‍ കാരണവന്‍മാരുടെ ഉച്ചയുറക്കം ദിനചര്യയില്‍പ്പെടുന്ന കാര്യവുമായിരിക്കും. പക്ഷേ ഈ മയക്കം ആരോഗ്യത്തിനു നല്ലതാണോ? നിരവധി ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും നിരനിരയായെത്തുന്ന ഇന്നത്തെ കാലത്ത് അറിയണം ഉച്ചയുറക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളും ...
ഉച്ചയുറക്കം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ഥിരതയുണ്ടാവാനും ഉച്ചയുറക്കം സഹായിക്കുമെന്നാണ് പഠനറിപ്പോര്‍ട്ട്. ഉച്ചക്ക് ഒരുപാട് വൈകിയുള്ള ഉറക്കമല്ല മറിച്ച് ഭക്ഷണം കഴിച്ച് അധികം വൈകാതെയുള്ള ഉറക്കമാണ് ഗുണകരമാവുക.
അതേസമയം ഉറക്കത്തിന്റെ സമയമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. അഞ്ച് മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയുള്ള ഉറക്കമാണ് പോസിറ്റീവ് ആയ റിസല്‍ട്ട് തരുന്നത്. പതിനഞ്ച് മിനിറ്റ് നേരത്തേക്കുളള ഉറക്കം ഏറ്റവും നല്ല ഫലം തരുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വയറ് പൊട്ടുംതരത്തില്‍ ഉച്ചക്ക് ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം ബോധം കെട്ടുള്ള ഉറക്കം വലിയതോതില്‍ ദോഷകരമായി ഭവിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. മനുഷ്യനെ അലസനാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ഈ മണിക്കൂറുകള്‍ നീണ്ടുള്ള ഉറക്കം.
തലച്ചോറിനും വേണമല്ലോ അല്‍പം വിശ്രമം. അതുകൊണ്ട് കൂടിയാകും ഉച്ചമയക്കം മനുഷ്യരെ കൂടുതല്‍ ഉന്‍മേഷവാന്‍മാരാക്കുന്നത്. നിരന്തരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്രങ്ങളായാലും മനുഷ്യനായാലും തലച്ചോറായാലും വിശ്രമം അനിവാര്യമാണ്. ഈ ചെറിയൊരു കൂളിങ് എഫക്ട് തലച്ചോറിനു നല്‍കിയാല്‍ കൂടുതല്‍ ഉണര്‍വോടെ അത് പ്രവര്‍ത്തിക്കുമെന്നാണ് വിദഗ്ധപഠനങ്ങള്‍ വ്യക്തമാക്കുന്നത്.