നിപ ബാധിതന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 101 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്. അതില്‍ തന്നെ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ നാലും പാലക്കാട്ടെ രണ്ടുപേരും സമ്പര്‍ക്കപ്പെട്ടികയിലുണ്ട്. രണ്ട് പഞ്ചായത്തുകളിലെ വീടുകളില്‍ സര്‍വേ നടത്തുന്നതിനായി 224 അംഗ സംഘത്തെ നിയോഗിച്ചുവെന്നും മന്ത്രി അറിയിച്ചു. അതിനിടെ നിപ രോഗിയുടെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗി സഞ്ചരിച്ച സ്ഥലങ്ങള്‍ സമയം സഹിതം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഇത് പ്രസിദ്ധീകരിക്കുന്നതെന്നും ആശങ്കവേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ രണ്ടാമത്തെ സ്രവ പരിശോധനഫലം ഇന്ന് ലഭിക്കും
കേരളത്തിലെ നിപ സ്ഥിതിഗതികൾ വിലയിരുത്താനായി ഐ.സി.എം.ആര്‍ സംഘം കോഴിക്കോട് എത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. ചികില്‍സയും പ്രതിരോധ പ്രവർത്തനമടക്കമുള്ള കാര്യങ്ങളും സംഘം അവലോകനം ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരുമായി ചർച്ച നടത്തിയ ശേഷം സംഘം മലപ്പുറത്തേക്ക് പോവും.