nipah-file-02

ഫയല്‍ ചിത്രം

TOPICS COVERED

  • മേയ് മുതല്‍ സെപ്തംബര്‍ വരെയാണ് വ്യാപന സാധ്യത
  • ആരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവല്‍കരണം ശക്തമാക്കും
  • മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും

സംസ്ഥാനത്ത് നിപ സാധ്യത വര്‍ധിക്കുന്ന കാലമായി. മേയ് മുതല്‍ സെപ്തംബര്‍ വരെയാണ് നിപ വ്യാപന സാധ്യത കൂടുതല്‍. ഈ കാലയളവിലടക്കം നിപ പ്രതിരോധത്തിന് വര്‍ഷം മുഴുവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നു. ഇതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. 

സ്‌കൂൾ ഹെൽത്തിന്റെ ഭാഗമായി കുട്ടികൾക്കും അവബോധം നൽകും

കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവല്‍കരണം ശക്തമാക്കണം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്. പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുത്. വാഴക്കുലയിലെ തേൻ കുടിക്കരുത്. വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. സ്‌കൂൾ ഹെൽത്തിന്റെ ഭാഗമായി കുട്ടികൾക്കും അവബോധം നൽകും.

നിപ കലണ്ടറില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ഇവയാണ്. പനി, തലവേദന, അകാരണമായ ശ്വാസംമുട്ടൽ, മസ്തിഷ്‌ക ജ്വരം എന്നിവയുമായി ആളുകള്‍ ആശുപത്രികളിലെത്തുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം. കാരണം ഉറപ്പുവരുത്തുന്നതിന് മുമ്പ് മരണമുണ്ടായാൽ റിപ്പോർട്ട് ചെയ്യണം. സ്വകാര്യ ആശുപത്രികളും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണം. രോഗ ലക്ഷണങ്ങളിൽ സംശയമുണ്ടെങ്കിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യണം. ശ്വാസകോശ സംബന്ധമായ കേസുകൾ ഓഡിറ്റ് ചെയ്യണം. മസ്തിഷ്‌ക ജ്വര (AES) കേസുകളിൽ ഡെത്ത് ഓഡിറ്റ് നടത്തണം. ആശുപത്രി ജിവനക്കാർക്ക് അണുബാധ നിയന്ത്രണം, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ച് വിപുലമായ പരിശീലനം നൽകണം.

nipah-file-03

ഫയല്‍ ചിത്രം

മൃഗസംരക്ഷണം, വനം, വിദ്യാഭ്യാസ വകുപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും യോഗം തീരുമാനിച്ചു. നിപ സാഹചര്യം നേരിടുന്നതിന് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളിൽ സെപ്തംബർ വരെ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ദൗത്യമായി ഏറ്റെടുക്കാനും മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, നിപ ഏകാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ആരോഗ്യ രംഗത്തെ വിദഗ്ധ ഡോക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ENGLISH SUMMARY:

Kerala is taking proactive steps to prevent a potential Nipah outbreak as the state gears up for 2024. In a high-level meeting convened by the Health Minister, an action calendar was prepared to ensure comprehensive preparedness. The government has announced elaborate preventive measures, focusing on early detection, swift response, and public awareness to safeguard the health and well-being of its citizens.