ലോകത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ കുടല്‍ ക്യാന്‍സറിന്‍റെ വ്യാപനം വലിയ തോതിലാണ്. 25 നും 49 നും വയസിനിടയില്‍ പ്രായമുള്ളവരാണ് രോഗബാധിതരാകുന്നവരില്‍ കൂടുതലും. ഇതിന് കാരണമാകുന്നത് ആഹാര ശീലമാണോ?. നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണകള്‍ ക്യാന്‍സറിന് കാരണമാകുന്നു എന്നാണ് ഏറ്റവും പുതിയ പഠനം. യുവാക്കള്‍ രോഗബാധിതരാകുന്നതിന്‍റെ ഭീഷണിയും ഈ പഠനത്തില്‍ വ്യക്തമാക്കുന്നു.
സൂര്യകാന്തി എണ്ണ അടക്കമുള്ള ഭക്ഷ്യ എണ്ണകള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നതായി പഠനം. യുഎസ് സര്‍ക്കാര്‍ ഫണ്ട് ചെയ്ത പഠനം അമേരിക്കകാര്‍ക്കിടയിലാണ് നടത്തിയത്. സൂര്യകാന്തി, മുന്തിരി, കനോല, ചോളം തുടങ്ങിയ വിത്തുകളില്‍ നിന്നും ഉണ്ടാക്കുന്ന ഭക്ഷ്യ എണ്ണകളുടെ ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ക്യാന്‍സറിലേക്ക് എത്തിക്കുന്നത്. ഗട്ട് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുടല്‍ ക്യാന്‍സറുള്ള 80 പേരിലാണ് പഠനം നടത്തിയത്. വിത്ത് എണ്ണകളില്‍ വഴി ശരീരത്തിലെത്തുന്ന ബയോ ആക്റ്റീവ് ലിപിഡുകൾ കൂടിയ അളവില്‍ ഇത്തരക്കാരില്‍ കണ്ടെത്തിയതെന്ന് പഠനം പറയുന്നു. 30 നും 85 നും ഇടയില്‍ പ്രായമുള്ളവരുടെ ട്യൂമര്‍ സാംപിളില്‍ കണ്ട ഉയര്‍ന്ന അളവിലുള്ള ലിപിഡ് കണ്ടന്‍റിന് കാരണം വിത്ത് എണ്ണകളാണ്.
ഇവയുടെ അമിത ഉപയോഗം ക്യാന്‍സര്‍ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് പഠനം. ബയോആക്ടീവ് ലിപിഡുകള്‍ കുടല്‍ ക്യാന്‍സറിനുള്ള സാധ്യതയെ വേഗത്തിലാക്കുന്നു. ശരീരത്തിലുണ്ടാകുന്ന മുഴകളോട് പോരാടുന്നതില്‍ വീഴ്ചയുണ്ടാക്കുന്നു എന്നിങ്ങനെയാണ് പഠനത്തിലെ കണ്ടെത്തലുകള്‍. വിത്ത് എണ്ണകളിൽ ഒമേഗ -6, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയാണ് ശരീരത്തിന് പ്രധാനവെല്ലുവിളി. ഇതിന് ബദലായി ഓമേഗ–3 ഫാറ്റി ആസിഡ് അടങ്ങിയ എണ്ണകള്‍ ഉപയോഗിക്കാണ് പഠനം പറയുന്നത്.
മിതമായ അളവില്‍ വിത്ത് എണ്ണകൾ ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്നു എന്നതിന് ശക്തമായ തെളിവില്ലെന്ന് യുഎസിലെ മുൻനിര കാൻസർ സംഘടനകളുടെ വാദം. ഭക്ഷ്യ എണ്ണ ഉപയോഗം ശരീരത്തില്‍ വണ്ണം കൂടാനും ഷുഗര്‍, ഹൃദ്യോഗങ്ങള്‍ക്കും കാരണമാകുന്നു എന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.