ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പലര്‍ക്കും ചോക്ലേറ്റുകളില്‍ കൂടുതല്‍ ഇഷ്ടം ഡാര്‍ക്ക് ചോക്ലേറ്റിനോടാവും . അതിനു കാരണം കൊക്കോ കണ്ടന്റ് അധികമുള്ളതും മധുരം വളരെ കുറഞ്ഞ അളവിലേയുള്ളൂ എന്നതുമാവാം. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഡാര്‍ക് ചോക്ലേറ്റുകള്‍ ഇപ്പോള്‍ ചില ചര്‍ച്ചകള്‍ക്ക് കൂടി വഴിവച്ചിരിക്കുകയാണ്. ഫ്ലേവനോയിഡുകള്‍ ധാരാളമുള്ള ഇവ പൊതുവേ സ്ട്രസ് കുറക്കാനും ഹൃദ്രോഗം , കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കുമെന്ന് നേരത്തേവന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സന്തോഷവും ഉന്‍മേഷവും കൂട്ടി മൂഡ് നന്നാക്കാനും ഇവ അത്യന്താപേക്ഷിതമാണ്. സ്വാഭാവിക ആന്റിഡിപ്രസന്റായ സെറാടോണിന്റെ സാന്നിധ്യമാണ് ഇതിനു കാരണം. കഴിക്കുമ്പോള്‍ ശരീരത്തില്‍ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കപ്പെടാനും അതുവഴി രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ നിയന്ത്രിക്കാനും ഡാര്‍ക് ചോക്ലേറ്റുകള്‍ക്ക് സാധിക്കും.
ചര്‍മ്മത്തിനും ഗുണം ചെയ്യുമെന്നതാണ് ഡാര്‍ക് ചോക്ലേറ്റിനു ഇഷ്ടക്കാര്‍ കൂടാന്‍ കാരണം. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമ്മത്തെ സംരക്ഷിക്കും. ഒപ്പം ചർമം ഹൈഡ്രേറ്റഡ് ആയിരിക്കാനും കൊളാജൻ ഉദ്പാദിപ്പിക്കുന്നതിനും സഹായിക്കും. ഇത് ആരോഗ്യമുള്ള ചർമത്തിനും പ്രായത്തിന്റെ ലക്ഷണങ്ങൾ ചർമത്തിൽ നിന്നും മാറുന്നതിനും കാരണമാണ്. ഭാരം നിയന്ത്രിക്കാന്‍ ഇവയിലെ ഫൈബര്‍ കണ്ടന്റ് സഹായിക്കും. വിശപ്പ് തോന്നാതെ ഭക്ഷണത്തോടുള്ള താല്‍പര്യം കുറയ്ക്കാനും സാധിക്കുന്നവയാണ് ഇവ. എന്നാല്‍ നിലവില്‍ ഉയര്‍ന്നുവന്ന ചര്‍ച്ച ഡാര്‍ക് ചോക്ലേറ്റിന്റെ ഈ ഗുണങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇത്രയും ഗുണങ്ങൾ ഉണ്ടെന്നു കരുതി ഒരുപാട് ഡാർക്ക് ചോക്ലേറ്റുകള്‍ കഴിക്കാൻ നിൽക്കണ്ട എന്നതാണ് പുതിയ പഠനം .
ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന വലിയ തോതിലുള്ള ലോഹാംശമാണ് പുതിയ ചര്‍ച്ചക്ക് വഴിയിട്ടത്. കാഡ്മിയം, ലെഡ് എന്നീ ലോഹങ്ങള്‍ ആവോളമുണ്ട് ഡാര്‍ക് ചോക്ലേറ്റുകളില്‍. ഇത് മണ്ണില്‍ നിന്നും കൊക്കോ ചെടികളിലൂടെ ആഗിരണം ചെയ്യപ്പെടുന്നവയാണ്. ഡാര്‍ക് ചോക്ലേറ്റിലൂടെ ഇവ ശരീരത്തിനകത്ത് എത്തുമ്പോള്‍ ഈ ലോഹാംശം ശരീരകോശങ്ങളില്‍ ശേഖരിക്കപ്പെടും. ഇത്തരത്തില്‍ ലോഹാംശം വലിയ തോതില്‍ ശരീരത്തിലെത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റ് പാടേ ഉപേക്ഷിക്കണം എന്നല്ല മറിച്ച് കുറഞ്ഞ അളവില്‍ മാത്രം കഴിക്കുക എന്നതാണ് പറഞ്ഞുവരുന്നത്.
മൂന്ന് നേരവും ഭക്ഷണശേഷം ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്ന ശീലം അവസാനിപ്പിച്ച് ആഴ്ചയില്‍ രണ്ടുനേരം എന്ന തരത്തിലേക്ക് ഈ ചോക്ലേറ്റ് ശീലത്തെ മാറ്റണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. സമാനമായ അഭിപ്രായമാണ് ചില ഡോക്ടര്‍മാര്‍ക്കും ഉള്ളത്. ലോഹാംശം പല തരത്തില്‍ നമ്മുടെ ശരീരത്തിലെത്തപ്പെടുന്നുണ്ട്. അരി, പച്ചക്കറികള്‍, മത്സ്യം, പഴങ്ങള്‍ എന്നിവയിലൂടെ തന്നെ ആവശ്യത്തിന് ലോഹം നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ഇതിനൊപ്പം ഇത്തരത്തിലുള്ള ചോക്ലേറ്റുകള്‍ കൂടി കഴിക്കുന്നതോടെ ലോഹാംശത്തിന്റെ അളവ് അമിതമാകും. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും മറ്റും ഒരളവുവരെ ലോഹാംശം ശരീരം പുറന്തള്ളപ്പെടുമെങ്കിലും ശരീരത്തിലെത്തുന്ന അളവ് കൂടിയാല്‍ അവ കോശങ്ങള്‍ക്കുള്ളില്‍ കെട്ടിക്കിടക്കാന്‍ സാഹചര്യമൊരുക്കും. അതിനാല്‍ തന്നെ ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ചോക്ലേറ്റുകൾ തിരഞ്ഞെടുത്ത് അൽപാൽപം കഴിക്കുക. അതാണ് ഉത്തമം. അധികമായാല്‍ ഡാര്‍ക് ചോക്ലേറ്റും വിഷമാണ്.