രാവിലെ ഉണരുമ്പോൾ കഫക്കെട്ട് അനുഭവപ്പെടുന്നത് പലരും നിസാരമായി കാണാറുണ്ട്. എന്നാൽ, ഇത് ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളുടെ ചില സൂചനയാകാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
നമ്മുടെ ശ്വാസനാളങ്ങളും ശ്വാസകോശങ്ങളും പൊടി, അലർജികൾ, രോഗാണുക്കൾ എന്നിവയെ തടയുന്നതിനായി കഫം ഉത്പാദിപ്പിക്കാറുണ്ട്. രാവിലെ ചെറിയ അളവിൽ കഫം വരുന്നത് സാധാരണമാണെങ്കിലും, കഫത്തിന്റെ നിറത്തിലോ കട്ടിയിലോ മാറ്റം വന്നാൽ ശ്രദ്ധിക്കണം. കഫത്തിന്റെ നിറം ഒരാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചില സൂചനകൾ നൽകുന്നുണ്ട്.
വെളുത്ത കഫം
തെളിഞ്ഞതോ ഇളം വെള്ള നിറത്തിലുള്ളതോ ആയ കഫം സാധാരണ അപകടകരമല്ല. ചെറിയ അലർജികളെയോ അല്ലെങ്കിൽ അസ്വസ്ഥതകളെയോ ആണ് വെളുത്ത കഫം സൂചിപ്പിക്കുന്നത്. ഇത് ചെറിയ അസ്വസ്ഥതകൾ, നിർജ്ജലീകരണം, അല്ലെങ്കിൽ അലർജികൾ എന്നിവ മൂലമുണ്ടാകുന്നതാണ്. പൊടി, പുക തുടങ്ങിയയവയിൽ നിന്ന് വിട്ടുനിൽക്കുന്നതും ഇതിന്റെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കും.
മഞ്ഞ കഫം
സാധാരണ ജലദോഷം അല്ലെങ്കിൽ സൈനസൈറ്റിസ് പോലുള്ള ചെറിയ അണുബാധയെ ചെറുക്കാൻ രോഗപ്രതിരോധ സംവിധാനം ശ്രമിക്കുന്നതിന്റെ സൂചനയാണ് മഞ്ഞ കഫം. വെളുത്ത രക്താണുക്കളും ഇൻഫ്ലമേറ്ററി കോശങ്ങളും അണുബാധയുള്ള സ്ഥലത്തേക്ക് എത്തുന്നതാണ് ഈ നിറത്തിന് കാരണം. ഈ പ്രശ്നം ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയോ അല്ലെങ്കിൽ സ്ഥിതി വഷളാകുകയോ ചെയ്യുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
പച്ച കഫം
കട്ടിയുള്ള പച്ച കഫം ശ്വാസകോശത്തിലെ ഗുരുതരമായ ബാക്ടീരിയൽ അണുബാധയെ സൂചിപ്പിക്കുന്നതാണ്. ഇതിനോടൊപ്പം പനി, നെഞ്ചിൽ മുറുക്കം, അല്ലെങ്കിൽ വിട്ടുമാറാത്ത ചുമ എന്നിവ ഉണ്ടാകാം. ഈ അണുബാധ മാറാന്‍ ചിലപ്പോള്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം.
ബ്രൗൺ കഫം
പുക, പൊടി, അല്ലെങ്കിൽ മറ്റ് മലിനീകരണ വസ്തുക്കൾ ശ്വസിക്കുന്നതിന്റെ ഫലമായാണ് ബ്രൗൺ കഫം ഉണ്ടാകുന്നത്. ശ്വാസനാളങ്ങളിലെ അസ്വസ്ഥത കാരണം ഡ്രൈ ബ്ലഡിനേയും ഇത് സൂചിപ്പിക്കുന്നു. പുകവലിക്കുന്ന സ്വഭാവമുണ്ടെങ്കിലോ മലിനമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നയാളാണെങ്കിലോ, ശ്വാസകോശത്തിന് ശ്രദ്ധ ആവശ്യമാണെന്നതിന്റെ സൂചനയാണ് ബ്രൗൺ കഫം.
ചുവപ്പ് കഫം
കഫത്തിലെ പിങ്ക് അല്ലെങ്കിൽ ചുവന്ന വരകൾ ശ്വാസനാളത്തിനുള്ളിലെ രക്തസ്രാവത്തെ സൂചിപ്പിക്കുന്നു. ഇത് അണുബാധ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ, അല്ലെങ്കിൽ ക്ഷയം, ശ്വാസകോശ അർബുദം പോലുള്ള മറ്റ് അവസ്ഥകൾ മൂലമാകാം. ഈ സാഹചര്യത്തിൽ സ്വയം ചികില്‍സ ചെയ്യാതെ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.