Image Credit: X
കൊതുകിന്‍റെ കുത്തേറ്റ് ഗുരുതര മലേറിയ ബാധിച്ച രണ്ട് വിമാനത്താവള ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. രോഗവാഹിയായ കൊതുക് വിമാനത്തില്‍ കടന്നുകൂടി ഫ്രാങ്ക്ഫര്‍ട്ടിലെത്തിയതിന് പിന്നാലെയാണ് ഇവര്‍ക്ക് കുത്തേറ്റത്. ഗുരുതരമായ മലേറിയ ട്രോപിക ഇവരില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്ര പരിചരണത്തിലായിരുന്നു. ആറ് വിമാനത്താവള ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരാരും മലേറിയയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവരായിരുന്നില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ ആദ്യവാരമാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവള ജീവനക്കാരില്‍ ഒരാള്‍ മരിച്ചതെന്നും മരണശേഷമാണ് മലേറിയ സ്ഥിരീകരിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ മരണം ഓഗസ്റ്റിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ച മറ്റു നാലുപേര്‍ സുഖം പ്രാപിച്ച് വരികയാണ്.
ജൂലൈ പകുതിയോടെയാണ് മലേറിയ നാലുപേര്‍ക്ക് ബാധച്ചതായി ജര്‍മനിയുടെ ആരോഗ്യ വിഭാഗമായ ദ് റോബര്‍ട്ട് കൊച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചത്. അസാധാരണ സംഭവമാണിതെന്നും അന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്ന് വിമാനത്തില്‍ കയറിക്കൂടിയ കൊതുകുകള്‍ ജര്‍മനിയിലെ വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ ജീവനക്കാരെ കുത്തുകയായിരുന്നുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സംശയിക്കുന്നു. 1950 ന് ശേഷം ജര്‍മനിയില്‍ മലേറിയ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു. 'നിലവില്‍ രോഗം ബാധിക്കപ്പെട്ടവര്‍ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തതിനാലാണ് രോഗ നിര്‍ണയം വൈകിയത്. രോഗനിര്‍ണയം വൈകുന്നത് പലപ്പോഴും ഗുരുതര സ്ഥിതിയിലേക്ക് എത്തിക്കാമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ കൊതുകുകളെ തുരത്താനുള്ള സംവിധാനങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സ്ഥാപിച്ചു. വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ കൊതുകുകളെ വിശദമായ പരിശോധനയ്ക്കായി ബെല്‍ജിയത്തിലെ ലാബിലേക്ക് അയച്ചു. ഏതിനം കൊതുകുകളാണെന്ന് തിരിച്ചറിയാനും സംഭവത്തിന്‍റെ കൃത്യമായ ചിത്രം ലഭിക്കാനും പരിശോധന സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 63.2 മില്യണ്‍ ജനങ്ങളാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെത്തിയത്.
അനോഫിലിസ് കൊതുകുകളില്‍ പ്രവേശിക്കുന്ന പ്ലാസ്മോഡിയം പാരസൈറ്റ്സാണ് മലേറിയ പരത്തുന്നത്. കൊതുകുകളില്‍ നിന്ന് മാത്രമേ മലേറിയ പകരുകയുള്ളൂവെന്നും മനുഷ്യരില്‍ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് എത്തില്ലെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നു. പനി, വിറയല്‍, തലവേദന, ക്ഷീണം എന്നിവയാണ് മലേറിയയുടെ ലക്ഷണങ്ങള്‍. ഗുരുതരമായാല്‍ ജീവഹാനി വരെ സംഭവിക്കാം.