ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഒരു വേദനയില്‍ നിന്നും കരകയറാന്‍ സ്വന്തം ജീവനെടുക്കുന്നതിലൂടെ ചുറ്റുമുള്ളവരെ വേദനിപ്പിക്കുന്നത് അധാര്‍മികവും ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം കുറ്റകരവുമാണ്. എന്നാല്‍ ആത്മഹത്യ അംഗീകരിക്കുന്ന ഒരു നിയമമുണ്ടെങ്കിലോ? ഒരു രാജ്യമുണ്ടെങ്കിലോ.. ദയാവധമല്ല മറിച്ച് സഹായ ജീവനൊടുക്കല്‍. എന്നാല്‍ നിരവധി രാജ്യങ്ങളില്‍ ഇങ്ങനെയൊരു നിയമമുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും പുതുതായി പുറത്തുവന്ന വാര്‍ത്ത ഒരേസമയം വേദനാജനകവും വളരേയധികം ചിന്തിപ്പിക്കുന്നതുമാണ്.

വര്‍ഷങ്ങളായി തന്‍റെ മകന്‍റെ മരണത്തിന്‍റെ ആഘാതത്തില്‍ നിന്നും കരകയറാനാകാതെ വലയുകയായിരുന്നു വെന്‍ഡി ഡഫി എന്ന യുവതി. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് വെന്‍ഡിയുടെ 23 വയസ് മാത്രം പ്രായമുള്ള മകന്‍ മാര്‍ക്കസ് മരണത്തിന് കീഴടങ്ങിയത്. തന്‍റെ പ്രിയ പുത്രന്‍റെ മരണം വെന്‍ഡിയെ വിഷാദരോഗത്തിലാഴ്ത്തി. മരിച്ച് വര്‍ഷങ്ങളായിട്ടും പലതവണ ചികില്‍സ തേടിയിട്ടും വെന്‍ഡിക്ക് വിഷാദരോഗത്തില്‍ നിന്നും കരകയറാനായില്ല.

മാര്‍ക്കസ് ഡഫി

ഒടുവില്‍ വെന്‍ഡി ജീവനൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യുകെയില്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിനെ നീതിന്യായവ്യവസ്ഥ കടുത്ത ശിക്ഷ നല്‍കിയാണ് പ്രതിരോധിക്കുന്നത്. ജീവനൊടുക്കാന്‍ ശ്രമിക്കുന്നയാളെ 14 വര്‍ഷം വരെ തടവിലിടാന്‍ കെല്‍പ്പുള്ള നിയമം യുകെയിലുണ്ട്. നിയമത്തോടുള്ള ഭയവും സ്വയം ജീവനൊടുക്കാനുള്ള ഭയവും വെന്‍ഡിയെ കൂടുതല്‍ വിഷാദത്തിലാഴ്ത്തി. 

ഒടുവില്‍ വെന്‍ഡി വ്യത്യസ്തമായ ഒരു കാര്യം ലോകവുമായി പങ്കുവച്ചു. ‘ ജീവനൊടുക്കാന്‍ പോകുകയാണ്. പക്ഷെ യുകെയില്‍ വച്ചല്ല. ജീവനൊടുക്കുന്നതിനായി പ്രത്യേകം നിയമങ്ങളുള്ള സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ച്’. നിയമപ്രകാരം ദയാവധത്തിന്‍റെ നിയമത്തില്‍ അയവുള്ള രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ജീവനൊടുക്കിയേ തീരൂ എന്നുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെയോ നിയമ അംഗീകാരമുള്ള ഫാര്‍മസിസ്റ്റുകളുടെയോ സഹായത്തോടെ ജീവനൊടുക്കാം. പക്ഷെ ജീവനൊടുക്കുന്നതിന് വ്യക്തമായ കാരണം അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച് ഉത്തരവ് വാങ്ങണം.

‘എനിക്ക് മരിക്കണം. താന്‍ മരിക്കുമ്പോള്‍ തന്‍റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടാകും, ഇതാണ് തന്‍റെ തീരുമാനം’ എന്ന് വെന്‍ഡി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് തിരിക്കും മുന്‍പ് ടെലഗ്രാഫ് പത്രം നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സ്വിറ്റ്സര്‍ലന്‍ഡിലെത്തിയ വെന്‍ഡി തന്‍റെ ജീവനൊടുക്കാന്‍ ഒരു ക്ലിനിക്ക് കണ്ടെത്തി. 10,000 യൂറോ (11 ലക്ഷം രൂപ) യാണ് ഇതിനായി ക്ലിനിക്ക് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഏപ്രില്‍ 24 തന്‍റെ അവസാന ദിനമായി അംഗീകരിച്ച് വെന്‍ഡി ആശുപത്രി അനുമതിപത്രത്തില്‍  ഒപ്പുവച്ചു. 

24–ാം തിയതി വന്നെത്തി. വെന്‍ഡി തന്‍റെ അവസാന ആഗ്രഹം വ്യക്തമാക്കി. തനിക്ക് തന്‍റെ മകന്‍റെ ടീഷര്‍ട്ട് ധരിച്ച് വേണം മരിക്കാന്‍, അതിന് മകന്‍റെ മണമുണ്ട്. ഇതുകൂടാതെ മരണസമയത്ത് ലേഡി ഗാഗയുടെയും ബ്രൂണോ മാര്‍സിന്‍റെയും പാട്ട് വയ്ക്കണം. അതായിരുന്നു തന്‍റെ മകന് ഇഷ്ടം..

 ആശുപത്രി തങ്ങളെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി. ഒടുവില്‍ വെന്‍ഡി മരിച്ചു. വെന്‍ഡിയുടെ മരണം യുകെയില്‍ വലിയ വാര്‍ത്തയായി. സഹായത്തോടെ ജീവനൊടുക്കാന്‍ അനുവദിക്കുന്ന ബില്ലിനെ  ബ്രിട്ടീഷ് പാര്‍ലമെന്‍റ് വോട്ട് ചെയ്ത് പരാജയപ്പെടുത്തിയതിന് ദിവസങ്ങള്‍ ശേഷമാണ് വെന്‍ഡിയുടെ മരണമെന്നതിനാല്‍ ബില്ല് വീണ്ടും ചര്‍ച്ചയിലുണര്‍ന്നു. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡ് ജീവനൊടുക്കല്‍ ടൂറിസകേന്ദ്രം ആയിമാറുന്നു എന്ന വിമര്‍ശനവും ശക്തമായി. മരണാസന്നരായി കിടക്കുന്ന രോഗികള്‍ക്ക് മാത്രമേ ദയവധത്തിന് അര്‍ഹതയുള്ളു എന്നും വാദമുയര്‍ന്നു. എന്തിരുന്നാലും ദയാവധത്തെക്കുറിച്ചും സഹായജീവനൊടുക്കലിനെക്കുറിച്ചും വരുന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം.

ENGLISH SUMMARY:

Assisted suicide is a complex and debated topic, highlighted by a recent case in Switzerland involving a UK woman seeking this option due to profound grief. This case brings the discussion around euthanasia and assisted dying to the forefront, particularly in light of recent parliamentary votes in the UK.