യുഎസിന് മുന്നറിയിപ്പായി ഇറാന്‍റെ പുതിയ പരമാധികാരി മൊജ്തബ ഖമനയിയുടെ ആദ്യ സന്ദേശം. ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കുമെന്നും എല്ലാ യുഎസ് ബേസുകളും പ്രവര്‍ത്തനം നിര്‍ത്തണം അല്ലാത്ത പക്ഷം ആക്രമിക്കുമെന്നും യുദ്ധത്തിലെ രക്തസാക്ഷികള്‍ക്കായി പ്രതികാരം നടത്തുമെന്നുമാണ് മൊജ്തബയുെട സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍.
നേരിട്ടല്ല മറിച്ച് ഇറാന്‍ ദേശീയ ചാനലിലൂടെയാണ് മൊജ്തബ തന്‍റെ നിലപാട് വ്യക്തമാക്കിയത്. വാര്‍ത്താവതാരകന്‍ പരമാധികാരിയുടെ സന്ദേശം എന്ന പേരോടുകൂടി ഇത് വായിക്കുകയായിരുന്നു. തന്നെ പരമാധികാരിയായി സ്ഥാപിച്ച് ഇതുവരെയും മുജ്തബ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
എന്നാല്‍ വധശ്രമം ഭയന്നാണ് മൊജ്താബ പൊതുവിടത്തിലേക്ക് വരാത്തതെന്നും ട്രംപിന്‍റെ ഭീഷണി നിലനില്‍ക്കുന്നതാണ് കാരണമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇറാന്‍ തയാറായില്ല. 'മൊജ്തബ ഒളിച്ചിരിക്കുകയാണോയെന്നോ അതല്ല, ഇത്തരം ഭീഷണികളെ ഭയക്കുന്നുണ്ടോയെന്നോ എനിക്ക് അറിയില്ല. പക്ഷേ യുഎസും ഇസ്രയേലും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ നടക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം' എന്നായിരുന്നു ഇറാന്‍റെ അംബാസിഡര്‍ അലിറേസ സലാറിയന്റെ പ്രതികരണം.
ഇതിനിടെ മധ്യപൂര്‍വദേശത്തെയും ലോകത്തെയും ആശങ്കയിലാഴ്ത്തിയ ഇറാന്‍–യുഎസ്– ഇസ്രയേല്‍ യുദ്ധം അവസാനിക്കുന്നുവെന്നതിന്‍റെ സൂചനകള്‍ പുറത്ത്. ഒമാന്‍ ഭരണകൂടത്തിന്‍റെ നിര്‍ണായക ഇടപെടലിന് പിന്നാലെയാണ് നീക്കം. തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം സമാധാനത്തിന് തയാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം വേണം, തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തില്‍ ഉറപ്പുവേണം, ഇറാന്‍റെ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം പാടില്ല എന്നീ മൂന്ന് ഉപാധികള്‍ യുഎസും ഇസ്രയേലും അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂവെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പറഞ്ഞു. റഷ്യയിലെയും പാക്കിസ്ഥാനിലെയും ഭരണകൂടങ്ങളുമായി താന്‍ സംസാരിച്ചുവെന്നും പ്രദേശത്ത് സമാധാനം പുലരണമെന്നാണ് തന്‍റെയും നിലപാടെന്നും പക്ഷേ അതിന് ഉപാധികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.