യുഎസ് ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളസ് മഡുറോ. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ട ചിത്രം
യുഎസ് ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളസ് മഡുറോയുടെ ചിത്രം പുറത്തുവിട്ട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യു.എസ് യുദ്ധകപ്പലായ യുഎസ്എസ് ഇവോ ജിമയില്‍ നിന്നുള്ള മഡുറോയുടെ ചിത്രമാണ് പുറത്തുവിട്ടത്. മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ ശേഷം ഹെലികോപ്റ്റർ വഴി കപ്പലിലേക്ക് മാറ്റുകയായിരുന്നു. ഇവരെ ന്യൂയോര്‍ക്കിലേക്കാണ് കൊണ്ടുവരുന്നതെന്നും യു.എസില്‍ വിചാരണ നേരിടണമെന്ന് ട്രംപ് വ്യക്തമാക്കി. ട്രാക്ക്സ്യൂട്ട് ധരിച്ച് കയ്യില്‍ വെള്ളകുപ്പിയുമായി നില്‍ക്കുന്ന മഡൂറോയുടെ ചിത്രമാണ് ട്രംപ് പുറത്തുവിട്ടത്. കണ്ണുകള്‍ മറച്ച് കൈകള്‍ വിലങ്ങുവച്ച നിലയിലാണ്.
വെനസ്വേലയില്‍ സുരക്ഷിതമായ മാറ്റം സംഭവിക്കുന്നതുവരെ യു.എസ് ഭരിക്കുമെന്ന് ട്രംപ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. യു.എസ് പങ്കാളിത്തം വെനിസ്വേലന്‍ ജനങ്ങളെ സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമാക്കുമെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ എണ്ണ വ്യവസായത്തില്‍ അമേരിക്കന്‍ എണ്ണ കമ്പനികള്‍ ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി.
'വെനസ്വേലയിലെ എണ്ണ വ്യവസായം പരാജയമാണ്. കാലങ്ങളായി പൂര്‍ണപരാജയമാണ്. അവർക്ക് ചെയ്യാന്‍ സാധിക്കുന്നതിന്‍റെ ഒന്നും എണ്ണ വ്യവസായത്തില്‍ ചെയ്യുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനികളായ അമേരിക്കൻ എണ്ണ കമ്പനികൾ വെനസ്വേലയിലേക്ക് ചെല്ലാൻ പോകുകയാണ്. കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുകയും വെനസ്വേലയ്ക്ക് വേണ്ടി പണം ഉണ്ടാക്കുകയും ചെയ്യും' ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ഡെല്‍റ്റാ ഫോഴ്സാണ് വെനസ്വേലയില്‍ ആക്രമണം നടത്തിയത്. കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ആക്രമണമെന്ന് ട്രംപ് വ്യക്തമാക്കി. വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസിൽ പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് യു.എസ് വ്യോമാക്രമണം നടത്തിയത്. ഏഴ് സ്ഫോടനങ്ങള്‍ നടന്നതായും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുണ്ട്.
കാരക്കാസിലും മിറാൻഡ, അരഗ്വ, ലാ ഗ്വൈറ എന്നീ സംസ്ഥാനങ്ങളിലുമാണ് ആക്രമണങ്ങൾ നടന്നതെന്ന് വെനിസ്വേലൻ സർക്കാർ വ്യക്തമാക്കി.സൈനിക ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും യു എസ് ആക്രമണം നടത്തിയതായി വെനസ്വേലന്‍ സര്‍ക്കാര്‍ ആരോപിച്ചു.
മഡുറോ രാജ്യാന്തര മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകുന്നുവെന്നാണ് യു.എസിന്‍റെ ആരോപണം. മഡൂറോയുടെ അറസ്റ്റിന് സൂചന നല്‍കുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ ആണ് യു.എസ് പ്രഖ്യാപിച്ചിരുന്നത്. അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് വെനസ്വേലയിലേക്ക് യു.എസിന്‍റെ നേരിട്ടുള്ള ആക്രമണമുണ്ടായത്. വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് ഭരണകൂടം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ നടപടികൾ കടുപ്പിച്ച ഘട്ടത്തിലാണ് ബോംബാക്രമണം.