Spectators roam inside the Madrid Open tennis tournament venue during a general blackout in Madrid,

Spectators roam inside the Madrid Open tennis tournament venue during a general blackout in Madrid,

സ്പെയിനിലും പോർച്ചുഗലിലും  വ്യാപകമായി വൈദ്യുതി മുടങ്ങിയതായി റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതിയില്ലെന്നും സ്പാനിഷ് വിമാനത്താവളങ്ങളിലടക്കം തടസങ്ങള്‍ നേരിടുന്നതായും എപി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലാണെന്ന് ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ അറിയിച്ചു. പവര്‍ക്കട്ടിന്  പരിഹാരം കാണാ്‍  ഊർജ്ജോല്‍പ്പാദന ചുമതലയുള്ള  കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സ്പാനിഷ് പവർ ഗ്രിഡ് ഓപ്പറേറ്ററായ റെഡ് ഇലക്ട്രിക്ക പറഞ്ഞു. ഘട്ടം ഘട്ടമായി കണക്ഷൻ പുനഃസ്ഥാപിക്കുമെന്ന്  സ്പാനിഷ് വൈദ്യുതി ഗ്രിഡ് മോണിറ്ററിങ് കമ്പനിയായ ഇ-റെഡെസ് പ്രസ്താവനയിൽ പറഞ്ഞു. ഇത്രയും വ്യാപകമായ വൈദ്യുതി മുടക്കം ഉണ്ടാകുന്നത് അപൂർവമാണ്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30 ഓടെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വലിയ വൈദ്യുതി മുടക്കം ഉണ്ടായതായി സ്പെയിന്‍റെ പൊതു പ്രക്ഷേപകനായ ആർ‌ടി‌വി‌ഇ പറഞ്ഞു. തുടര്‍ന്ന് മാഡ്രിഡിലെ സ്പെയിൻ പാർലമെന്റും രാജ്യത്തുടനീളമുള്ള മെട്രോ സ്റ്റേഷനുകളും ഇരുട്ടിലായി. ബാഴ്‌സലോണയിലും പ്രാന്തപ്രദേശങ്ങളിലെ നഗരങ്ങളിലും പട്ടണങ്ങളിലും മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളും തടസ്സപ്പെട്ടു. ഏകദേശം 10.6 ദശലക്ഷം ജനസംഖ്യയുള്ള പോർച്ചുഗലിൽ, തലസ്ഥാനമായ ലിസ്ബണിലും പരിസര പ്രദേശങ്ങളിലും രാജ്യത്തിന്റെ ഉത്തര ദക്ഷിണ മേഖലകളിലും വൈദ്യുതി തടസ്സം അനുഭവപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ വൈദ്യുതി വിതരണ സംവിധാനത്തിലെ പ്രശ്‌നമാണ് തടസ്സത്തിന് കാരണമെന്ന് ഇ-റെഡെസ് പറഞ്ഞതായി പോർച്ചുഗീസ് മാധ്യമം എക്സ്പ്രസ്സോ റിപ്പോർട്ട് ചെയ്യുന്നു.

വൈദ്യുതി നിലച്ചതുമൂലം ട്രാഫിക് ലൈറ്റുകൾ പ്രവർത്തിക്കാത്തതിനാൽ മാഡ്രിഡ് നഗരമധ്യത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായതായി കാഡർ സെർ റേഡിയോ റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള ട്രാഫിക് ലൈറ്റുകളെ ഈ വൈദ്യുതി മുടക്കം ബാധിച്ചിട്ടുണ്ട്. മാഡ്രിഡ് ഭൂഗർഭ ടണലുകള്‍ ഒഴിപ്പിച്ചു. ലിസ്ബണിലും പോർട്ടോയിലും മെട്രോ അടച്ചു. ട്രെയിനുകൾ ഓടുന്നില്ലെന്ന് പോർച്ചുഗീസ് പൊലീസ് അറയിച്ചു. ട്രെയിനുകൾ നിർത്തിവച്ചിരിക്കുകയാണെന്നും ഒരു സ്റ്റേഷനിലും "പുറപ്പെടലുകൾ" ഉണ്ടായില്ലെന്നും സ്പെയിനിന്റെ ദേശീയ റെയിൽവേ കമ്പനിയായ റെൻഫെ പറയുന്നു. വൈദ്യുതി മുടക്കത്തെ തുടര്‍ന്ന് മാഡ്രിഡ് ഓപ്പണ്‍ ടൂർണമെന്‍റും നിര്‍ത്തിവച്ചിരിക്കുകയാണ്.. 

ENGLISH SUMMARY:

A massive power outage has hit Spain and Portugal, affecting millions, including major airports and metro stations. The disruption, attributed to a problem in the European power supply system, has led to traffic congestion in Madrid and train cancellations in Portugal. Authorities are working with energy companies to restore power.