യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് അമേരിക്കന്‍ സൈന്യത്തിനുള്ള എണ്ണ വിതരണം പൂര്‍ണമായും നിര്‍ത്തി വച്ച് നോര്‍വീജിയന്‍ കമ്പനി. ഡോണള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നത് വരെ ഒരു തുള്ളി ഇന്ധനം പോലും യുഎസിന് ഇനി നല്‍കില്ലെന്ന കടുത്ത തീരുമാനമാണ് ഹാള്‍ട്ട്ബക്ക് ബങ്കേഴ്സ് കൈക്കൊണ്ടത്. കമ്പനിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ലോകത്തെ ഏറ്റവും വലിയ വൃത്തികെട്ട ഷോയാണ് ലൈവായി ടെലിവിഷനിലൂടെ കണ്ടത്. അമേരിക്കയിലെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ചേര്‍ന്നാണ് അതിന് നേതൃത്വം നല്‍കിയത്. ഇത്രയേറെ പ്രകോപനപരമായ സമീപനത്തിലും സംയമനം കൈവിടാതെയും അന്തസ് പണയം വയ്ക്കാതെയും നിലകൊണ്ട യുക്രെയ്ന്‍ പ്രസിഡന്‍റിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. കണ്‍മുന്നില്‍ കണ്ട ഈ അനീതിയോട് പ്രതികരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. നോര്‍വെയിലെ യുഎസ് സൈന്യത്തിന് നല്‍കിവരുന്ന ഇന്ധനം അടിയന്തരമായി നിര്‍ത്തിവയ്ക്കുകയാണ്. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനമൊഴിയുന്ന കാലം വരെ നോര്‍വെ തീരത്തെവിടെ നിന്നും യുഎസ് സൈന്യത്തിന് ഇന്ധനം നല്‍കില്ലെന്നും കമ്പനി വ്യക്തമാക്കി. യൂറോപ്പിലുള്ളവരെല്ലാം തങ്ങളുടെ പാത പിന്തുടരണമെന്നാണ് ആഗ്രഹമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അമേരിക്കയോട് നന്ദി കാണിക്കണമെന്ന് പറഞ്ഞാണ് ട്രംപും വൈസ് പ്രസിഡന്‍റ് വാന്‍സും സെലന്‍സ്കിയെ രൂക്ഷമായി വിമര്‍ശിച്ചത്. യുക്രെയ്നായി അമേരിക്ക ചെയ്ത സഹായങ്ങള്‍ക്ക് പകരമായി യുക്രെയ്നിലെ പ്രകൃതി വിഭവങ്ങളുടെ പങ്ക് അമേരിക്കയ്ക്ക് സൗജന്യമായി നല്‍കണമെന്നായിരുന്നു ട്രംപിന്‍റെ ആവശ്യം. ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിടാനും സെലന്‍സ്കി തയ്യാറായില്ല.
യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യയ്ക്കുള്ള എണ്ണ വിതരണവും കമ്പനി നിര്‍ത്തിവച്ചിരുന്നു. ഇത്തരം തീരുമാനങ്ങള്‍ കൊണ്ട് കമ്പനിക്ക് കടുത്ത നഷ്ടമുണ്ടാകുമെന്നും എതിരാളികള്‍ ലാഭം കൊയ്യുമെന്നും ബോധ്യമുണ്ടെന്നും എന്നാല്‍ ലാഭത്തെക്കാളും വലിയത് ധാര്‍മികമായ ഉത്തരവാദിത്തമാണെന്നും കമ്പനി വ്യക്തമാക്കി.