Image Credit: x.com/LuneActu
യുഎസില്‍ വീണ്ടും വിമാനാപടകം. അരിസോണയിലെ സ്കോട്ടസ്ഡെയില്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ചു കയറിയാണ് അപകടം. നിര്‍ത്തിയിട്ട വിമാനത്തിലേക്ക് ബിസിനസ് ക്ലാസ് വിമാനം ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ വിമാനത്തിനുള്ളില്‍ കുടുങ്ങി കിടക്കുയാണ്.
ലിയര്‍ജെറ്റ് 35എ റണ്‍വെയില്‍ നിന്നും തെന്നി മാറി ഗള്‍ഫ്സ്ട്രീം 200 ബിസിനസ് ജെറ്റിലേക്ക് അടിച്ചു കയറുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിമാനത്തിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ അഗ്നിരക്ഷാ വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്.
അമേരിക്കയെ നടുക്കിയ വ്യോമയാന ദുരന്തങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് സംഭവമാണിത്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ രണ്ടിടത്താണ് വിമാന അപകടങ്ങളുണ്ടായത്. വാഷിങ്ടണില്‍ ജനുവരി 29 ന് യാത്രവിമാനവും ആർമി ഹെലികോപ്റ്ററും തമ്മിൽ കൂട്ടിയിടിച്ച് 67 പേരാണ് കൊല്ലപ്പെട്ടത്. ജനുവരി 31 ന് ഫിലാഡൽഫിയയിലുണ്ടായ വിമാന അപകടത്തില്‍ ഏഴുപേര്‍ മരിച്ചിരുന്നു.