A drone view shows people inspecting the site where a small plane crashed into vehicles on Marques de Sao Vicente Avenue in Sao Paulo, Brazil, February 7, 2025. REUTERS
ബ്രസീലിലെ തിരക്കുള്ള തെരുവില്‍ ചെറുയാത്രാവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് സാവോ പോളോയിലെ ബിസിനസ് ഡിസ്ട്രിക്റ്റിനടുത്തുള്ള തെരുവിലേക്ക് ചെറിയ വിമാനം ഇടിച്ചിറങ്ങിയത്. റോഡിലെ വാഹനങ്ങള്‍ക്കിടയില്‍ പതിച്ച് അഗ്നിഗോളമായ വിമാനത്തിന്‍റെ ഫ്യൂസ്‌ലേജിൽ നിന്നാണ് പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ബീച്ച് എഫ്90 കിങ് എയർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാവോ പോളോയിൽ നിന്ന് തെക്കൻ ബ്രസീലിലെ പോർട്ടോ അലെഗ്രെ നഗരത്തിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. തെരുവില്‍ വാഹനങ്ങള്‍ നിറഞ്ഞിരിക്കെയാണ് വിമാനം റോഡിലേക്ക് ഇടിച്ചിറങ്ങിയത്. വിമാനത്തിന്‍റെ ഭാഗങ്ങള്‍ ബസില്‍ ഇടിച്ചു കയറി ഒരു യാത്രക്കാരിക്ക് പരുക്കേറ്റതായും മറ്റൊരു ഭാഗം ഒരു യാത്രികനെ ഇടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്തുനിന്ന് നാല് പേരെ കൂടി നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തിന്‍റെ വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. മരിച്ച പൈലറ്റുകളില്‍ ഒരാളുടെ ഉടമസ്ഥതയില്‍ തന്നെയായിരുന്നു വിമാനമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.