Image: x.com/BitmexXRP/status
അമേരിക്കയെ നടുക്കിയ ഫിലദെല്‍ഫിയ വിമാനാപകടത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏറ്റവും ഒടുവില്‍, അമ്പരപ്പിക്കുന്ന മറ്റൊരു വിഡിയോ കൂടി സമൂഹമാധ്യമങ്ങളില്‍ തരംഗമായി. വിമാനാപകടമുണ്ടായ സ്ഥലത്തുനിന്ന് അരക്കിലോമീറ്ററോളം അകലെ റസ്റ്ററന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളുടെ മേല്‍, തകര്‍ന്ന വിമാനത്തിന്‍റെ ലോഹഭാഗങ്ങളിലൊന്ന് വന്നിടിച്ച് പരുക്കേറ്റതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പെട്ടെന്നുണ്ടായ അപകടം, ആക്രമണമെന്ന് ഭയന്ന് ആളുകള്‍ പ്രാണരക്ഷാര്‍ഥം നിലത്തിരുന്ന് നിരങ്ങി നീങ്ങുന്നതും വിഡിയോയില്‍ കാണാം. അത്താഴം കഴിക്കാനായി എത്തിയ മധ്യവയസ്കന്‍റെ തലയിലാണ് ലോഹഭാഗം വന്നിടിച്ചത്. തൊപ്പി തെറിച്ച് പോകുന്നതും തലയില്‍ കൈ പിടിച്ച് അദ്ദേഹം വശത്തേക്ക് വീഴുന്നതും വിഡിയോയില്‍ കാണാം.
‘ഞങ്ങളെല്ലാം പേടിച്ചു വിറച്ചുപോയി. ഭാഗ്യവശാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. ഭക്ഷണം കഴിക്കാനെത്തിയ ഒരാളുടെ തലയില്‍ ലോഹക്കഷ്ണം വന്നിടിച്ച് പരുക്കേറ്റു. അദ്ദേഹത്തെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്‍റെ പേരുവിവരങ്ങള്‍ അറിയില്ല.’ അദ്ദേഹം സുഖം പ്രാപിച്ചുവെന്ന് പ്രതീക്ഷിക്കുന്നതായും റസ്റ്ററന്‍റ് മാനേജര്‍ അയ്ഹാന്‍ തിരയാകി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇരട്ട എഞ്ചിന്‍ വിമാനം ജനവാസ മേഖലയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വലിയ തീഗോളമായി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലാണ് വിമാനം പതിച്ചത്. അമേരിക്കന്‍–ഫ്രഞ്ച് ബിസിനസ് ജെറ്റായ ലീയര്‍ജെറ്റ്55 ആണ് അപകടത്തില്‍പ്പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടു. കാറിലിരുന്ന ഒരാളാണ് കൊല്ലപ്പെട്ട ഏഴാമന്‍. വാഷിങ്ടണില്‍ സൈനിക ഹെലികോപ്റ്ററുമായി യാത്രാവിമാനം കൂട്ടിയിടിച്ചതിന്‍റെ അടുത്ത ദിവസമാണ് ഫിലദെല്‍ഫിയയിലും വിമാനാപകടമുണ്ടായത്. വാഷിങ്ടണിലെ വിമാനദുരന്തത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടു. 2009ന് ശേഷം യുഎസില്‍ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്.