AI Generated Image

AI Generated Image

TOPICS COVERED

വര്‍ഷങ്ങളായി താമസിക്കുന്ന വീടിന്‍റെ ബേസ്മെന്‍റില്‍ മറ്റൊരാള്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്നറിഞ്ഞാല്‍ എങ്ങിനെയുണ്ടാകും? അതും വീട് വിറ്റുപോയ പഴയ വീട്ടുടമ തന്നെയായാലോ? കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് സംഭവം. വീടിന്‍റെ ബേസ്മെന്‍റില്‍ ചെറിയ ബാറടക്കമുള്ള സൗകര്യങ്ങളോടെയായിരുന്നു മുന്‍ വീട്ടുടമയുടെ താമസം. സംഭവം വൈറലായതോടെ ഓസ്‌കർ നേടിയ ‘പാരസൈറ്റ്’ എന്ന കൊറിയന്‍ സിനിമയുമായുള്ള സാമ്യം ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ ലോകം.

വീട് വൃത്തിയാക്കുന്നതിനിടെ നിലവിലെ താമസക്കാരനായ ലീ ബേസ്മെന്‍റിലെ രഹസ്യ മുറി കണ്ടെത്തിയത്. ബേസ്‌മെന്‍റിലെ ഗോവണിക്ക് പിന്നിലായിരുന്നു രഹസ്യവാതില്‍. തുറന്നപ്പോള്‍ വെളിച്ചവും വായു സഞ്ചാരവുമുള്ള മുറി. ഒരു ചെറിയ ബാറും ഇവിടെ സജ്ജീകരിച്ചിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുവാങ്ങി ഏഴുവര്‍ഷത്തിന് ശേഷമാണ് ഈ രഹസ്യം പുറംലോകമറിഞ്ഞത്.

കൂടുതല്‍ പരിശോധനയിലാണ് മുന്‍ വീട്ടുടമയായ സ്ത്രീ മുറി ഉപയോഗിക്കുന്നതായി ലീ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വീട്ടുടമസ്ഥയായ ഷാങ് എന്ന സ്ത്രീയെ ബന്ധപ്പെട്ടു. വീട്ടില്‍ ഇത്തരത്തില്‍ ഒരു മുറിയുള്ള കാര്യം തങ്ങളോട് മറച്ചുവെച്ചുവെന്നും ആരോപിച്ചു. എന്നാല്‍ ബേസ്‌മെന്‍റ് താന്‍ വിറ്റ വസ്തുവിന്‍റെ ഭാഗമല്ലെന്നും കരാറില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഷാങ് വാദിച്ചു. ‘ഞാൻ നിങ്ങൾക്ക് വീട് വിറ്റു, പക്ഷേ ബേസ്‌മെന്‍റ് അതില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ബേസ്‌മെന്‍റ് നിങ്ങളുടേതായാല്‍ ഒഴിവുസമയങ്ങളിൽ ഞാൻ എവിടെ വിശ്രമിക്കും?’ – അവര്‍ ചോദിച്ചു.

എന്നാല്‍ വീട്ടിലെ താമസക്കാര്‍പോലും ശ്രദ്ധിക്കാതെ എങ്ങനെയാണ് യുവതി ബേസ്‌മെന്‍റില്‍ കയറിയിറങ്ങുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബേസ്‌മെന്‍റിനെ പാർക്കിങ് ഗരാജുമായി ബന്ധിപ്പിക്കുന്ന രഹസ്യ വാതിൽ ഉണ്ടാകാമെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകള്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും സംഭവത്തില്‍ ലീ കോടതിയെ സമീപിക്കുകയും കേസ് വിജയിക്കുകയും ചെയ്തു. ബേസ്‌മെന്‍റിന്‍റെ ഉടമസ്ഥന്‍ ലീ ആണെന്ന് കോടതി വിധിച്ചു. അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ഏഴുവർഷം മുന്‍പ് 20 ലക്ഷം യുവാന്‍ അതായത് ഏകദേശം 2.24 കോടി രൂപയ്ക്കാണ് ലീ വീടു വാങ്ങിയത്.

ENGLISH SUMMARY:

Real-life thriller unfolded in Jiangsu Province, Eastern China, where a man named Li found a hidden room in his basement while cleaning his home. According to the South China Morning Post, the secret room was concealed behind a wardrobe and was fully functional, equipped with ventilation, lighting, and even a small bar. The mystery deepened when Li discovered that the hidden basement was still being used by the previous homeowner, a woman named Shang.