ഫയല്‍ ചിത്രം (AFP)
ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സുഡാനില്‍ അര്‍ധസൈനിക വിഭാഗം നടത്തിയ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെടുകയും 158 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം. ഒമ്ദുര്‍മന്‍ നഗരത്തിലെ പ്രധാന മാര്‍ക്കറ്റിലാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസിന്‍റെ ആക്രമണം ഉണ്ടായത്.
അതേസമയം, പൗരന്‍മാരെ ലക്ഷ്യമിട്ട് തങ്ങള്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത ആര്‍എസ്എഫ് നിഷേധിച്ചു. സുഡാനി സൈന്യമാണ് പൗരന്‍മാരെ കൊന്നൊടുക്കിയെതന്നും ആര്‍എസ്എഫ് പ്രസ്താവനയില്‍ ആരോപിച്ചു.
അര്‍ധ സൈനിക വിഭാഗത്തെ സൈന്യത്തില്‍ ലയിപ്പിക്കുന്നതിനെ ചൊല്ലി 2023 ല്‍ ആരംഭിച്ച തര്‍ക്കം ഇപ്പോഴും തുടരുന്നതാണ് സുഡാനിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നത്. ഇരുപക്ഷവും തമ്മിലുള്ള പോരില്‍ ഇതുവരെ പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലക്ഷക്കണക്കിന് പേരാണ് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തതെന്ന് രാജ്യാന്തര സംഘടനകളുടെ കണക്കുകള്‍ പറയുന്നു. കടുത്ത ദരിദ്രാവസ്ഥയിലുള്ള രാജ്യമാണ് സുഡാന്‍. പട്ടിണിക്ക് പുറമെ ആഭ്യന്തരകലഹവും കൂടിച്ചേരുമ്പോള്‍ ജനജീവിതം ദുസ്സഹമാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.