അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണം ഇന്ത്യന്‍ ഓഹരി വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറ്റുനോക്കി നിക്ഷേപകര്‍. താരിഫ് അടക്കമുള്ള കാര്യങ്ങളില്‍ ട്രംപിന്‍റെ പൊതുവായ നയങ്ങള്‍ വിപണിക്ക് ആശങ്ക സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
വൈറ്റ് ഹൗസിലേക്ക് ട്രംപ് വീണ്ടുമെത്തുമ്പോള്‍ ഇന്ത്യന്‍ നിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. കാരണം ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ വിപണിയില്‍ വന്‍ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ചുമത്തുന്ന താരിഫിന് അനുസരിച്ച് യു.എസും വൈകാതെ താരിഫ് ഉയര്‍ത്തുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപിത നിലപാട്. അങ്ങനെയെങ്കില്‍ ചൈനയുമായി ഒരു വ്യാപാര യുദ്ധം തന്നെ ഉണ്ടായിക്കൂടെന്നില്ല. ഇത് ആഗോള വിപണികളെ ഉലയ്ക്കും. യു.എസ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങളില്‍ ഡോളറിന്‍റെ മൂല്യം ഉയരുന്നതും തിരിച്ചടിയാകും. ഇന്ത്യ അടക്കമുള്ള വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പുറത്തേക്ക് നീങ്ങാം. റഷ്യ–യുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷം എന്നിവയില്‍ ട്രംപ് എടുക്കുന്ന നിലപാടുകള്‍ സ്വര്‍ണ വിലയെയും ക്രൂഡ് ഓയില്‍ വിലയെയും സ്വാധീനിക്കുകയും അതുവഴി ഓഹരി വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്യും. ജനുവരി പൊതുവേ ഇന്ത്യന്‍ വിപണയില്‍ ശുഭകരമല്ലെന്ന് പറയാറുണ്ട്. ആഗോള സാഹചര്യം എന്തുതന്നെ ആയാലും രാജ്യത്ത് കുറഞ്ഞുവരുന്ന പണപ്പെരുപ്പം അടക്കമുള്ള ഘടകങ്ങള്‍ പുതുവര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.