muhammad-yunus-takes-oath

ബംഗ്ലദേശില്‍ നൊബേല്‍ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു. ധാക്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷബാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണത്തില്‍ യൂനുസിനെ സഹായിക്കാനായി 16 അംഗ ഉപദേശകസമിതിയെ നിയമിച്ചിട്ടുണ്ട്.

 

രാജ്യത്തെ യുവാക്കളുടെ അഭിലാഷം ഉള്‍ക്കൊണ്ട് സര്‍ക്കാരിനെ നയിക്കുമെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ പ്രക്ഷോഭമുയര്‍ത്തിയവരില്‍ നിന്ന് രണ്ട് വിദ്യാര്‍ഥി നേതാക്കളും ഉപദേശകസമിതിയിലുണ്ട്. രാജ്യത്ത് തിരഞ്ഞെടുപ്പിന് കളമൊരുക്കുകയും പുതിയ സര്‍ക്കാരിന് രൂപം നല്‍കുകയുമാണ് ഇടക്കാല സര്‍ക്കാരിന്റെ ദൗത്യം. പാരിസില്‍ ഒളിംപിക്സ് വേദിയിലായിരുന്ന യൂനുസ് ഇന്നാണ് മടങ്ങിയെത്തിയത്. 

സർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന രാജിവച്ചതിനെ തുടർന്നാണ് ഇടക്കാല സർക്കാർ അധികാരമേറ്റത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നത് പ്രക്ഷോഭകരുടെ ആവശ്യമായിരുന്നു. ഷെയ്ഖ് ഹസീനയുടെ ശക്തനായ വിമർശകനായിരുന്നു യൂനുസ്. 17 വർഷത്തിനുശേഷമാണ് ബംഗ്ലദേശിൽ ഇടക്കാല സർക്കാർ അധികാരമേൽക്കുന്നത്.

യൂനുസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ബംഗ്ലദേശ് വളരെ പെട്ടെന്ന് സാധാരണനിലയിലെത്തുമെന്നും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായി മോദി എക്സിൽ കുറിച്ചു. 

ENGLISH SUMMARY:

Nobel Laureate Muhammad Yunus took oath as the head of the interim government in Bangladesh