ബംഗ്ലദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരണം മുന്നൂറുകടന്നു. ഇന്നലെ മാത്രം 135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവാമി ലീഗ് നേതാവിന്‍റെ ഹോട്ടലിന് പ്രതിഷേധക്കാര്‍ തീയിട്ടു. ഹോട്ടലിലുണ്ടായിരുന്ന 8പേര്‍ മരിച്ചു. 84 പേര്‍ക്ക് പരുക്കേറ്റു.
ബംഗ്ലദേശിലെ സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഡല്‍ഹിയില്‍ തുടങ്ങി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ബംഗ്ലാദേശിയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. അതേസമയം ഷെയ്ഖ് ഹസീനയെ ഡല്‍ഹിയിലെത്തിച്ച വിമാനം ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. മടക്കയാത്ര എവിടേക്കെന്ന് വ്യക്തമല്ല. കലാപം രൂഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.
രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ പാര്‍ലമെന്‍റും ഷെയ്ഖ് ഹസീനയുടെ വസതിയും പ്രതിഷേധക്കാര്‍ കയ്യേറി. ഷേര്‍പ്പുര്‍ ജയില്‍ തകര്‍ത്ത് അഞ്ഞൂറിലേറെ തടവുകാരെ മോചിപ്പിച്ചു. സര്‍ക്കാര്‍ ഓഫിസുകളും എം.പിമാരുടെ വസതികളുമടക്കം കത്തിച്ച ജനക്കൂട്ടം, ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ അടിച്ചുകൊലപ്പെടുത്തി. അതിനിടെ, അര്‍ധരാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി. തടവില്‍ കഴിഞ്ഞിരുന്ന പ്രതിപക്ഷനേതാവ് ഖാലിദ സിയയെ മോചിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ പിന്‍മുറക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണമെന്ന വിധിയെ തുടര്‍ന്നായിരുന്നു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് സുപ്രീംകോടതി 5 ശതമാനം മാത്രമാക്കി ചുരുക്കി.