elon-musk-new

TOPICS COVERED

സ്പേസ് എക്സ്, ടെസ്‌ല കമ്പനികളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണവും അവകാശനിഷേധങ്ങളും പലകുറി വാര്‍ത്തയായതാണ്. കമ്പനി സിഇഒ മസ്കിനെതിരെ നീളുന്ന ആരോപണങ്ങളില്‍ എന്നാല്‍ കാര്യമായ നടപടികള്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ വീണ്ടും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.

മസ്കിന്‍റെ സ്ഥാപനത്തിലെ രണ്ട് യുവതികളാണ് ആദ്യം ആരോപണമുന്നയിച്ചത്. തൊട്ടുപിന്നാലെ ‘എന്‍റെ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ തയ്യാറാണോ’ എന്ന് മസ്ക് ചോദിച്ചുവെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്തെത്തി. ഇവരാകട്ടെ ഇന്‍റേണ്‍ഷിപ്പിനായി എത്തിയതാണ്.

മസ്കിന്‍റെ സ്ഥാപനത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതിനുള്ള ഏറ്റവുമൊടുവിലെ ഉദാഹരണമാണിതെന്നാണ് ഉയരുന്ന വിമര്‍ശനം. ബോര്‍ഡ് അംഗങ്ങളുമായുള്ള മീറ്റിങിനിടയിലും ജോലിക്കിടയിലുമെല്ലാം മസ്ക് ലഹരിമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ലൈംഗികച്ചുവയുള്ള തമാശകളാണ് ഇവിടെ ഏറ്റവുമധികം കേള്‍ക്കുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ വേതനം കുറവ്. ഇക്കാര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നുവെന്ന ആരോപണം വ്യാപകമായിരുന്നു.

ടെസ്‌ലയില്‍ സ്ത്രീകള്‍ക്ക് ‘പ്രത്യേക പരിഗണന’ ലഭിക്കുന്നുവെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിക്കുന്ന വാര്‍ത്ത. സ്പേസ് എക്സിലെ ഫ്ലൈറ്റ് അറ്റന്‍റിനോട് മോശമായി പെരുമാറുകയും പകരമായി അവര്‍ക്കൊരു കുതിരയെ മസ്ക് കൊടുത്തുവെന്ന വാര്‍ത്ത വിവാദമായിരുന്നു. 2016ലായിരുന്നു ഇത്. 

2013ല്‍ ജീവനക്കാരിയോട് തന്‍റെ കുഞ്ഞുങ്ങളെ പ്രസവിക്കാമോ എന്ന പലവട്ടം ചോദിച്ച് മസ്ക് ശല്യം ചെയ്യുകയും അവര്‍ പിന്നീട് രാജിവയ്ക്കുന്ന സാഹചര്യവുമുണ്ടായി. ലോകത്ത് ജനസംഖ്യ കുറവാണെന്നാണ് പത്ത് മക്കളെങ്കിലുമുള്ള മസ്ക് തന്നോട് പറഞ്ഞതെന്നാണ് ഈ ജീവനക്കാരി പിന്നീട് വെളിപ്പെടുത്തിയത്. 

നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം കളവാണെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. ‘നുണപ്രചരണമാണ് മസ്കിനെതിരെ നടക്കുന്നത്. വിശ്വസനീയമായ കാര്യങ്ങളല്ല കേള്‍ക്കുന്നതും കാണുന്നതും. തങ്ങള്‍ക്കെതിരായ ചില ശക്തികളുടെ പ്രവര്‍ത്തനഫലമാണിത്. തനിക്കറിയാവുന്നതില്‍ വച്ചേറ്റവും നല്ല മനുഷ്യനാണ് മസ്ക്’ എന്നാണ് സ്പേസ് എക്സ് പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ജിന്‍ ഷോട്ട്‌വെല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ENGLISH SUMMARY:

SpaceX CEO Elon Musk has been accused of having sexual relationships with two of his employees. This is the latest in a series of allegations against Musk, who has previously been accused of regularly using drugs at times at work with board members.