tablaist-bhaskaran

യുഎഇ ഉൾപ്പെടെ ജിസിസിയിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും സംഗീതപ്രേമികളായ അറബികളുടെ പ്രിയങ്കരനായ ഒരു മലയാളി ഉണ്ട് ഷാർജയിൽ. കാസർകോട് സ്വദേശിയായ തബലിസ്റ്റ് ഭാസ്കരൻ. അറബികൾക്ക് അദ്ദേഹം ഉസ്താദ് ഭാസു ആണ്.  പ്രിയപ്പെട്ട സംഗീതോപകരണങ്ങൾ എന്ത് കോട്ടം വന്നാലും അവരോടി എത്തുന്നത് ഉസ്താദ് ഭാസുവിന് അരികിലേക്കാണ്. പുതിയത് വേണമെങ്കിലും വരുന്നത് ഇവിടെ തന്നെ.

തബലയും മൃദംഗവും വായിച്ച് തഴക്കം വന്ന കൈകളിൽ അറബിക് താളങ്ങളും നിഷ്പ്രയാസം വഴങ്ങും

25 വർഷങ്ങൾക്ക് മുൻപ് യുഎഇയിലേക്ക് വിമാനം കയറിയതാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ പുലിക്കോടൻ ഭാസ്കരൻ. നാട്ടിൽ അറിയപ്പെടുന്ന തബലിസ്റ്റും മൃദംഗ വിദ്വാനുമായിരുന്നു. യുഎഇയിലെത്തി സംഗീതോപരങ്ങൾ വിൽക്കുന്ന കടയിൽ ജോലിക്ക് കയറി. അവിടെ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. വാദ്യോപകരണങ്ങൾ നിർമിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനുമൊക്കെ പഠിച്ചു. ഒപ്പം അറബിയും. പിന്നെ സ്വന്തമായി കട തുടങ്ങി.

ഇന്ന് ഉസ്താദ് ഭാസു നിർമിക്കുന്ന വാദ്യോപകരണങ്ങൾ തേടി ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്നായി ഒട്ടേറെ ആവശ്യക്കാരാണ് എത്തുന്നത്. ഉപയോഗിച്ച് ഉപയോഗിച്ച് താളം മാറുന്ന വാദ്യോപകരണങ്ങൾ മിനുക്കിയെടുക്കാൻ അവർക്ക് ഉസ്താദ് ഭാസുവിനെ വേണം. അങ്ങനെയെത്തിയതാണ് റഹ്മാനി റണ്ണയും റാസും ചാസറുമൊക്കെ.

ആടിന്റെയും കാളയുടെയും തോലുകളാണ് പ്രധാനമായും ഇവിടുത്തെ വാദ്യോപകരണങ്ങൾക്ക് ഉപയോഗിക്കുന്നത്. അത് എങ്ങനെ ഉണ്ടാക്കുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. തബലയും മൃദംഗവും വായിച്ച് തഴക്കം വന്ന കൈകളിൽ ഇന്ന് അറബിക് താളങ്ങളും വാദ്യോപകരണങ്ങളുമെല്ലാം നിഷ്പ്രയാസം വഴങ്ങും. ഓരോന്നിന്റെ താളവും ശബ്ദവുമെല്ലാം മനപാഠമാണ് അദ്ദേഹത്തിന്.

ഇതിനിടെ തബലിസ്റ്റായും പരിശീലകനായും പ്രവാസലോകത്ത് സജീവമായിരുന്നു. അങ്ങനെയിരിക്കെ ഷാർജ ഭരണാധികാരിയുടെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങാനായി. അത് ഇന്നും നിറമുള്ള ഓർമയാണ്. വാദ്യോപകരണങ്ങൾ വാങ്ങാനും നന്നാക്കാനുമെത്തുന്നവർക്കുള്ള വിരന്ന് ഉസ്താദ് ബാസുവിന്റെ തബല പ്രകടനമാണ്. ഇത് കണ്ട് പലരും പരിപാടികളിലേക്ക് ക്ഷണിക്കും. ഉസ്താദ് ഭാസുവെന്ന പേര് കിട്ടിയത് അങ്ങനെയാണ്.

അച്ഛന്റെ സംഗീതവഴികളിലൂടെ സഞ്ചരിച്ചാണ് ഭാസ്കരനും ഇവിടെയെത്തിയച്. അച്ഛൻ കുഞ്ഞിക്കേളു ഭാഗവതർ അറിയപ്പെടുന്ന വയലിനിസ്റ്റായിരുന്നു. സഹോദരങ്ങളും സംഗീതവഴിയിൽ തന്നെ. ഭാര്യ നൃത്താധ്യാപികയാണ്. നാല് വർഷം മുൻപ് കുടുംബം നാട്ടിലേക്ക് മടങ്ങിയതോടെയാണ് ഷാർജയിലെ വില്ലയിലെത്തിയത്. സഹായത്തിന് നിഴലുപോലെ കൂടെയുണ്ട് ഗുലാം ജാസിം. പാക്കിസ്ഥാൻ സ്വദേശിയായ ജാസിം ജനിച്ചുവളർന്നത് യുഎഇയിലാണ്. ഇരുപത് വർഷമായി ഉസ്താദ് ഭാസുവിനൊപ്പമുണ്ട്. ദിവസം പതിനഞ്ച് മുതൽ 18 വരെ വാദ്യോപകരണങ്ങളുണ്ടാക്കും. യുഎഇ കഴിഞ്ഞാൽ ഒമാനിൽ നിന്നാണ് ഏറ്റവും അധികം ആവശ്യക്കാരെത്തുന്നത്. തബലയും മൃ‍ദംഗവുമൊക്കെ അധികവും ട്യൂണിങ്ങിന് ആയി കൊണ്ടുവരുന്നത്. 

ഈ വാദ്യോപകരണങ്ങളും അവയുടെ താളവുമാണ് ഉസ്താദ് ഭാസുവിന്റെ ലോകം. കലാകാരൻമാരെത്തിയാൽ അൽപനേരം പാട്ടും മേളവുമായി ഇരിക്കാതെ അദ്ദേഹം യാത്രയാക്കില്ല. ഇനി അറിയില്ലെങ്കിൽ പറഞ്ഞ് തരും. ഇവിടെ വന്ന് മടങ്ങുന്ന ഓരോരുത്തരും സംഗീതത്തെ നേരിട്ടറിഞ്ഞ് വേണം പോകാനെന്നത് ഭാസ്കരേട്ടന് നിർബന്ധം.