Iran's Foreign Minister Abbas Araghchi attends a special session of the Human Rights Council at the United Nations in Geneva, Switzerland, June 20, 2025. REUTERS/Denis Balibouse     TPX IMAGES OF THE DAY

Iran's Foreign Minister Abbas Araghchi attends a special session of the Human Rights Council at the United Nations in Geneva, Switzerland, June 20, 2025. REUTERS/Denis Balibouse TPX IMAGES OF THE DAY

ഇറാനില്‍ കരയുദ്ധം നടത്തിയേക്കുമെന്ന അമേരിക്കന്‍– ഇസ്രയേല്‍ ഭീഷണികളെ തെല്ലും വകവയ്ക്കുന്നില്ലെന്ന് ഇറാന്‍. ഈ യുദ്ധത്തിന് ഇറാന്‍ തയാറാണെന്നും അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി. ഇറാന്റെ മണ്ണില്‍ കാല്‍തൊട്ടാല്‍ ആ നേരം മുതല്‍ അമേരിക്ക വിവരം അറിയുമെന്നും അദ്ദേഹം എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഇറാന്‍ തയാറായെന്ന ട്രംപിന്‍റെ വാക്കുകളെല്ലാം അമേരിക്കയുടെ ഭീതിയില്‍ നിന്ന് പുറത്ത് വരുന്നതാണെന്നും ഒരുതരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇറാന്‍ തയാറല്ലെന്നും അറഗ്ചി വ്യക്തമാക്കി. Also Read: ആക്രമണം കടുപ്പിച്ച് ഇറാന്‍; മനാമയില്‍ അപാര്‍ട്​മെന്‍റുകള്‍ക്ക് നേരെ ഡ്രോണുകള്‍

'അമേരിക്കന്‍ പട്ടാളം ഇറാനിലിറങ്ങാന്‍ തയാറെടുക്കുകയാണ്, നിങ്ങള്‍ക്ക് ഭയമുണ്ടോ?' എന്നായിരുന്നു എന്‍ബിസി അവതാരകന്‍ ടോം ലാമസിന്‍റെ ചോദ്യം. എന്നാല്‍ 'ഞങ്ങള്‍ക്കൊരു ഭയവുമില്ല, അവരെ കാത്തിരിക്കുകയാണ്' എന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രിയുടെ മറുപടി. ചോദ്യം ആവര്‍ത്തിച്ചതോടെ 'അവരെ കീഴടക്കാന്‍ ഞങ്ങള്‍ സജ്ജരാണ്. അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാകും അവര്‍ക്ക് നേരിടേണ്ടി വരിക' എന്നും അറഗ്ചി കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ യുദ്ധം പോലെയല്ല, ശത്രുവിനെ നേരിടാന്‍ ഇത്തവണ ഞങ്ങള്‍ സുസജ്ജമാണ്. ഞങ്ങളുടെ മിസൈലുകളുടെ ശേഷി നിങ്ങള്‍ കണ്ടില്ലേ? അവയുടെ കൃത്യത കണ്ടില്ലേ? അതുകൊണ്ട് ഇനി കരയുദ്ധമാണെങ്കിലും ഞങ്ങള്‍ക്ക് അതില്‍ വിഷയമില്ല. ഏത് സാഹചര്യം വന്നാലും നേരിടാന്‍ ഇറാന്‍റെ സൈന്യം തയാറാണ്,പ്രാപ്തരാണ്.'- അദ്ദേഹം വിശദീകരിച്ചു. 

അതേസമയം, അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞതിന്‍റെ അര്‍ഥം യുദ്ധം തുടരാന്‍ ഇറാന് എന്തോ കൊതിയുണ്ടെന്ന് അല്ലെന്നും മറിച്ച് ഇറാനെതിരെ ഏതെങ്കിലും ആക്രമണം ഉണ്ടായാല്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും നേരിടാന്‍ ഒരുക്കമാണെന്നാണ് അര്‍ഥമെന്നും അറഗ്ചി വ്യക്തമാക്കി. 

ഇറാന്‍റെ മണ്ണില്‍ കാലുകുത്തിയാല്‍ അമേരിക്കന്‍ സൈനികര്‍ ജീവനോടെ മടങ്ങിപ്പോവില്ലെന്ന് ഖമനയിയുടെ വിശ്വസ്തനും ഇറാന്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയുമായ അലി ലരിജാനിയും മുന്നറിയിപ്പ് നല്‍കി. ഇമാം ഖമനയിയുടെയും ഇമാം ഖൊമെയ്നിയുടെയും വീരപുത്രന്‍മാര്‍ അമേരിക്കന്‍ സൈനികരെ കൊല്ലുകയും ജീവനോടെ പിടികൂടുകയും ചെയ്യുമെന്നും ലരിജാനി കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ സമീപിച്ചെന്നും എന്നാല്‍ വൈകിപ്പോയെന്നായിരുന്നു തന്‍റെ മറുപടിയെന്നും ട്രംപ് ആവര്‍ത്തിച്ചു. താന്‍ വിചാരിക്കുന്നതിലും യുദ്ധം നീണ്ടുപോകുമെന്നാണ് നിലവിലെ വിലയിരുത്തല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Iranian Foreign Minister Abbas Araghchi has issued a stern warning to the United States, stating that Iran is prepared for a potential ground invasion as of March 6, 2026. In an interview with NBC News, Araghchi dismissed President Donald Trump's claims that Iran is seeking peace, asserting that Tehran has no intention of negotiating under duress. Ali Larijani, Secretary of the Supreme National Security Council, added that US troops entering Iranian territory would face certain death or capture. This defiance comes amid Operation Epic Fury, where the US claims to have severely degraded Iran's air and naval defenses. Trump, however, maintains that it is "too late" for talks, signaling a prolonged and intensifying military campaign in the Middle East